തിരുവനന്തപുരം> ത്രിപുരയിലെ സിപിഐ എം പ്രവർത്തകർക്കെതിരായ ബിജെപി ആക്രമണങ്ങളെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ത്രിപുര ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി ചെന്തിട്ട ലോക്കൽ കമ്മിറ്റി കിള്ളിപ്പാലത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പാർടിയെ വേരോടെ പിഴുതെറിയാൻ ശ്രമിച്ചപ്പോഴൊക്കെ അതിനെ അതിജീവിച്ച് മുന്നേറിയ പാർടിയാണ് സിപിഐ എം. ബിജെപിയുടെ ആക്രമണങ്ങളിൽ കീഴടങ്ങാൻ പാർടി തയ്യാറല്ല. പാർടി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെവരെ ആക്രമണം നടന്നു. മുതിർന്ന നേതാക്കളെ ആക്രമിച്ചു. ദേശേർകഥയുടെ ഓഫീസും പ്രവർത്തകരുടെ വീടുകളുമെല്ലാം ആക്രമിച്ചു. ആക്രമണങ്ങളിൽ പൊലീസ് കാഴ്ചക്കാരായി. ബിജെപിയുടെ ഫാസിസ്റ്റ് ശൈലിയെ ശക്തമായി പ്രതിരോധിക്കും.
കോൺഗ്രസാണ് ത്രിപുരയിൽ ബിജെപിക്ക് വഴിയൊരുക്കിയത്. കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി. ത്രിപുരയിലെ ഗോത്ര വിഭാഗങ്ങളെയും ബംഗ്ലാദേശിൽനിന്ന് കുടിയേറി വന്നവരെയുമെല്ലാം സൗഹാർദ്ദത്തോടെ ഒന്നിച്ച് കൊണ്ടുപോകുന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ശൈലി. വർഗീയ മുതലെടുപ്പിനും ചേരിതിരിവിനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.