തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനം. സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച പ്രവൃത്തിദിനമാക്കി. സെക്രട്ടേറിയേറ്റിൽ നാളെ മുതൽ പഞ്ചിങ് പുനഃരാരംഭിക്കും. ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം കൈക്കൊള്ളും.
കോവിഡിനൊപ്പം ജീവിക്കുന്നതിന്റെ ഭാഗമായി സർക്കാർ ജനജീവിതം കൂടുതൽ സജീവമാക്കുകയാണ്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിക്കുന്നതിനായി ശനിയാഴ്ച വീണ്ടും പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചു. കോവിഡ് ഒന്നാംതരംഗ കാലത്തെ ലോക്ഡൗണിനു ശേഷം ശനിയാഴ്ച പ്രവൃത്തിദിനമാക്കായിരുന്നു. എന്നാൽ രണ്ടാംതരംഗത്തോടെ പ്രവൃത്തിദിനം വീണ്ടും അഞ്ചുദിവസമാക്കുകയായിരുന്നു. ഇതാണ് വീണ്ടും ആറുദിവസമാക്കുന്നത്.
സെക്രട്ടേറിയേറ്റിൽ നാളെ മുതൽ ജീവനക്കാർക്ക് പഞ്ചിങ് നടപ്പാക്കും. ബയോ മെട്രിക് പഞ്ചിങ് ഒഴിവാക്കി ഐ.ഡി. കാർഡ് പഞ്ചിങ്ങാണ് നടപ്പാക്കുന്നത്. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതി വേണമെന്ന ആവശ്യം പരിഗണിച്ച് അനുകൂല തീരുമാനം നാളത്തെ കോവിഡ് അവലോകന യോഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഹോട്ടലുകളോട് ചേർന്ന് നിലവിൽ തുറസ്സായ സ്ഥലങ്ങളിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്.
ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിന്റെ അടുത്ത ഘട്ടമായി മ്യൂസിയങ്ങൾ നാളെ മുതൽ പൊതുജനങ്ങൾക്കായി തുറക്കുകയാണ്.
content highlights:government to give more relaxations in covid restrictions