പോസ്റ്റ്പെയ്‌ഡ് ഉപഭോക്താക്കൾക്കായി ത്രൈമാസ പ്ലാനുകൾ അവതരിപ്പിച്ച് ജിയോ ഫൈബർ. നേരത്തെ ആറ് മാസത്തെ പ്ലാനും വാർഷിക പ്ലാനുകളും ജിയോ ഫൈബർ അവതരിപ്പിച്ചിരുന്നു. 2097 രൂപയിലാണ് ജിയോഫൈബറിന്റെ ത്രൈമാസ പോസ്റ്റ് പെയ്‌ഡ് പ്ലാനുകൾ ആരംഭിക്കുന്നത്. 25,597 രൂപ വരെയുള്ള പ്ലാനുകളുണ്ട്. ഈ പ്ലാനുകൾക്ക് ഇൻസ്റ്റലേഷൻ ചാർജ് ഈടാക്കുകയില്ലെന്നും ഇന്റർനെറ്റ് വേഗം 1 ജിബിപിഎസ് വരെ ലഭിക്കുമെന്നും ജിയോ വ്യക്തമാക്കി.
ആറ് ത്രൈമാസ പോസ്റ്റ് പെയ്‌ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ജിയോ.കോമിലും, മൈജിയോ ആപ്പിലും പ്ലാനുകൾ ലഭ്യമാണ്.
പ്ലാനുകൾ ഇവയാണ്
2097 രൂപ
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ത്രൈമാസ പോസ്റ്റ് പെയ്‌ഡ്പ്ലാൻ ആണിത്. 100 എംബിപിഎസ് അപ് ലോഡ് സ്പീഡും ഡൗൺലോഡ് സ്പീഡും ഈ പ്ലാൻ വാഗ്ദാനം ചെയ്‌യുന്നു. എന്നാൽ ഈ പ്ലാനിനൊപ്പം മറ്റ് ഓടിടി സബ്സ്ക്രിപ്ഷനുകൾ പോലെ മൂല്യവർധിത സേവനങ്ങളൊന്നും ലഭിക്കുകയില്ല.
2997 രൂപ
അധിക ആനുകൂല്യങ്ങളോടുകൂടിയുള്ള പ്ലാൻ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ എടുക്കാവുന്ന പ്ലാൻ ആണ് 2997 രൂപയുടേത്. ഇതിൽ 14 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകളാണ് ലഭിക്കുക.
എഎൽടി ബാലാജി, ആമസോൺ പ്രൈം വീഡിയോ, ഡിസ്കവറി പ്ലസ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ഇറോസ് നൗ, ഹോയ്ചോയ്, ജിയോ സാവൻ, ജിയോ സിനിമ, ലയൺസ്ഗേറ്റ് പ്ലേ, ഷെമറൂ മി, സോണി ലൈവ്, സൺ നെക്സ്റ്റ്, വൂട്ട് കിഡ്സ്, വൂട്ട് സെലക്‍ട്, സീ5 എന്നിവ അതിൽ ഉൾപ്പെടും.
150 എംബിപിഎസ് അപ്ലോഡ്, ഡൗൺലോഡ് വേഗമാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്‌യുന്നത്.
4497 രൂപ
മുമ്പ് പറഞ്ഞ എല്ലാ ഓടിടി പ്ലാറ്റ് ഫോം സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാണ്. ഇത് കൂടാതെ നെറ്റ്ഫ്ളിക്സിന്റെ ബേസ് പ്ലാൻ സബ്സ്ക്രിപ്ഷനും ഇതിൽ ലഭിക്കും. ഇതിൽ കൂടുതൽ വേഗത ലഭിക്കും. 300 എംബിപിഎസ് ഡൗൺലോഡ്, അപ് ലോഡ് വേഗമാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്‌യുന്നത്. വോയ്സ് കോളിങ് സൗകര്യവുമുണ്ടാവും.
7497 രൂപ
ഈ പ്ലാനിലും ഇന്റർനെറ്റ് വേഗം വർധിക്കും. 500 എംബിപിഎസ് വേഗമാണ് ഇത് വാഗ്ദാനം ചെയ്‌യുന്നത്. വോയ്സ് കോളിങ് പിന്തുണയുണ്ട്. നെറ്റ്ഫ്ളിക്സ് ഉൾപ്പടെ 15 ഓടിടി സബ്സ്ക്രിപ്ഷനുകളും ഇതിൽ ലഭിക്കും.
11,997 രൂപ
500 എംബിപിഎസിനേക്കാൾ വേഗമുള്ള ഇന്റർനെറ്റ് ആവശ്യമെങ്കിൽ 11,997 രൂപയുടെ പ്ലാൻ എടുക്കാം. 1 ജിബിപിഎസ് വേഗതയാണ് ഇത് വാഗ്ദാനം ചെയ്‌യുന്നത്. വോയ്സ് കോളിങ് പിന്തുണയുണ്ട്. നെറ്റ്ഫ്ളിക്സ് ഉൾപ്പടെ 15 ഒടിടി സബ്സ്ക്രിപ്ഷനുകളും ഇതിൽ ലഭിക്കും.
25497 രൂപ
മാസം 3300 ജിബി ഉപഭോഗ പരിധിയിൽ ലാണ് 2097 രൂപ, 2997 രൂപ, 4497 രൂപ, 7497 രൂപ, 11997 രൂപ പ്ലാനുകൾ. എന്നാൽ ഉയർന്ന നിരക്കിലുള്ള 25497 രൂപയുടെ ത്രൈമാസ പോസ്റ്റ്പെയ്‌ഡ് പ്ലാനിൽ 6.6 ടിബിവരെ മാസം ഉപയോഗിക്കാം. പ്രതിദിന പരിധികൾ ഉണ്ടാവില്ല. 15 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിലും ലഭിക്കും. സെക്കന്റിൽ 1 ജിബി അപ്ലോഡ്, ഡൗൺലോഡ് വേഗവും ഈ പ്ലാൻ വാഗ്ദാനം ചെയ്‌യുന്നു.
Content Highlights: jio fiber Quarterly Broadband Plans , OTT subscriptions, 1gbps