മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ.ആർ. നഗർ ബാങ്കിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നുമുള്ള ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി കെ.ടി. ജലീൽ. ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസംവരെ തുടരുമെന്ന് ജലീൽ പറഞ്ഞു.
ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടുതന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാമെന്നും കെ.ടി. ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും ഇഡിയുടെ ചോദ്യംചെയ്യലോടുകൂടി ജലീലിന് ഇഡിയിൽ വിശ്വാസംകൂടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സഹകരണ ബാങ്കിൽ ഇഡി അന്വേഷണം സാധാരണ ഗതിയിൽ ഉന്നയിക്കാൻ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാനത്തുതന്നെ സംവിധാനങ്ങളുണ്ടെന്നും ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
Content Highlights:K. T. Jaleel, Pinarayi Vijayan, ED probe against Kunhalikutty over black money allegations