കൊച്ചി > കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും രാജ്യത്ത് യാത്രാവാഹന വിൽപ്പന വർധിച്ചു. 2021 ആഗസ്തിൽ യാത്രാവാഹനങ്ങളുടെ ചില്ലറ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 38.71 ശതമാനം വളർച്ച കൈവരിച്ചെന്ന് വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകൾ പറയുന്നു.
2,53,363 യാത്രാവാഹനമാണ് ആഗസ്തിൽ വിറ്റഴിച്ചത്. 2020 ആഗസ്തിൽ ഇത് 1,82,651 ആയിരുന്നു. 1,08,944 യാത്രാവാഹനങ്ങൾ വിറ്റഴിച്ച് മാരുതി സുസുകി വീണ്ടും വിൽപ്പനയിൽ ഒന്നാംസ്ഥാനം നേടി. ഹുണ്ടായ് മോട്ടോർസ്, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് അടുത്ത മൂന്ന് സ്ഥാനങ്ങളിൽ. ഹുണ്ടായ് 43,988, ടാറ്റ 25,577, മഹീന്ദ്ര 16,457 യാത്രാവാഹനമാണ് വിറ്റത്. ഇരുചക്രവാഹന വിൽപ്പന മുൻവർഷത്തേക്കാൾ 6.66 ശതമാനം ഉയർന്ന് 9,76,051 ആയി.
മുച്ചക്രവാഹന വിൽപ്പന 79.70 ശതമാനവും (30,410) വാണിജ്യവാഹന വിൽപ്പന 97.94 ശതമാനവും (53,150) വർധിച്ചു. രാജ്യത്ത് ഈ കാലയളവിൽ വിവിധ വിഭാഗങ്ങളിലായി ആകെ 13,84,711 വാഹനമാണ് വിറ്റഴിച്ചത്.