ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫയർഫ്ളൈ എയറോസ്പേസിന്റെ ആൽഫാ റോക്കറ്റ് ആകാശത്ത് പൊട്ടിത്തെറിച്ചത്. കാലിഫോർണിയയിലെ വാൻഡെൻബെർഗ് സ്പേസ് ഫോഴ്സ് ആസ്ഥാനത്ത് നിന്നായിരുന്നു വിക്ഷേപണം. ഒരു ചെറു ഉപഗ്രഹം ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനായിരുന്നു ഉദ്യമം. ഫയർഫ്ളൈയുടെ ആദ്യ വിക്ഷേപണമായിരുന്നു ഇത്.
വിക്ഷേപണത്തിന് രണ്ടര മിനിറ്റുകൾക്ക് ശേഷം സൂപ്പർസോണിക് വേഗത്തിലേക്ക് പ്രവേശിച്ച റോക്കറ്റ് പൊടുന്നനെ ഒരു വശത്തേക്ക് ചെരിഞ്ഞു. ഇതോടെ പൊതുജനങ്ങൾക്ക് അപകടമുണ്ടാവാതിരിക്കാൻ റോക്കറ്റ് നശിപ്പിച്ചുകളയാൻ സ്പേസ് ലോഞ്ച് ഡെൽറ്റ 30 തീരുമാനിക്കുകയായിരുന്നു.
രണ്ട് ഘട്ടങ്ങളായിരുന്നു റോക്കറ്റിന് ഉണ്ടായിരുന്നത്. ലോഞ്ച് പാഡിൽ നിന്ന് വിജയകരമായാണ് റോക്കറ്റ് വേർപെട്ടത്. എന്നാൽ 15 സെക്കന്റുകൾക്കുള്ളിൽ തന്നെ രണ്ടാമത്തെ എഞ്ചിൻ പ്രവർത്തനം നിലച്ചു. തുടർന്നും ഉയർന്നുകൊണ്ടിരുന്നു. നാല് എഞ്ചിനുകളുള്ള റോക്കറ്റിൽ ഒന്ന് ഇല്ലാതായതോടെ ഉയരാൻ ആവശ്യമായ ശക്തി റോക്കറ്റിനുണ്ടായിരുന്നില്ല. എന്നിട്ടും നിയന്ത്രണം കൈവിടാതെ റോക്കറ്റ് ഉയരുകയും ചെയ്തു. എന്നാൽ സൂപ്പർ സോണിക് വേഗത്തിലേക്ക് കടന്നതോടെ നിയന്ത്രണം കൈവിട്ടു.
നിയന്ത്രണം വിട്ട റോക്കറ്റിനെ ഫ്ളൈറ്റ് ടെർമിനേഷൻ സംവിധാനം (എഫ്ടിഎസ്) ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. റോക്കറ്റ് തകരാർമൂലം പൊട്ടിത്തെറിക്കുകയായിരുന്നില്ല.
എന്തായാലും രണ്ടാമത്തെ എഞ്ചിൻ നേരത്തെ പ്രവർത്തനരഹിതമായത് എന്തുകൊണ്ടാണെന്നുള്ള അന്വേഷണത്തിലാണ് അധികൃതർ.
താമസിയാതെ തന്നെ ആൽഫാ ഫ്ലൈറ്റ് 2 വിക്ഷേപിക്കുമെന്നാണ് ഫയർ ഫ്ളൈ എയറോസ്പേസിന്റെ അറിയിപ്പ്.