വാട്സാപ്പിൽ പുതിയ ഒരു സൗകര്യം കൂടി അണിയറയിൽ ഒരുങ്ങുന്നു. സന്ദേശങ്ങൾക്ക് ഇമോജിയിലൂടെ പ്രതികരിക്കാനുള്ള സൗകര്യമാണിത്. മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന്റെ മെസഞ്ചർ ആപ്പിലും ഇൻസ്റ്റാഗ്രാമിന്റെ ഡയറക്‍ട് മെസേജിങിലും ഈ സംവിധാനം നേരത്തെ തന്നെ ലഭ്യമാണ്.
ചാറ്റിൽ ലഭിക്കുന്ന സന്ദേശങ്ങൾക്ക് മേൽ പ്രസ് ചെയ്ത് ഹോൾഡ് ചെയ്താൽ ഇമോജികൾ പ്രത്യക്ഷപ്പെടുകയും അതിൽ നിന്ന് ഇമോജി സെലക്‍ട് ചെയ്ത് മറുപടി നൽകാനും സാധിക്കുന്ന സംവിധാനമാണിത്.
നിലവിൽ വാട്സാപ്പിൽ ഇമോജികൾ ലഭ്യമാണെങ്കിലും സന്ദേശങ്ങളോട് പ്രതികരിക്കാൻ ഇമോജികൾ റിപ്ലൈ ആയി ആയക്കേണ്ടതുണ്ട്.
എന്നാൽ പുതിയ സംവിധാനം വഴി മെസേജുകളോട് പ്രതികരണം അറിയിക്കുക എളുപ്പമാവും. ടെക്സ്റ്റ് മെസേജുകൾക്ക് തൊട്ടുതാഴെയായാണ് ഇമോജികൾ കാണുക. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ സൗകര്യം ലഭ്യമാവും. ഗ്രൂപ്പ് ചാറ്റുകളിലെ നിങ്ങളുടെ റിയാക്ഷനുകൾ മറ്റുള്ളവർക്ക് കാണുകയും ചെയ്‌യാം.
നിലവിൽ നിർമാണ ഘട്ടത്തിലാണ് ഈ സൗകര്യം. ഇത് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ മറ്റ് നിരവധി മാറ്റങ്ങൾ വാട്സാപ്പിൽ വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം സ്റ്റിക്കർ ഹീസ്റ്റ് എന്ന പേരിൽ വാട്സാപ്പിൽ പുതിയ സ്റ്റിക്കർ പാക്ക് അവതരിപ്പിച്ചു. നെറ്റ് ഫ്ളിക്സ് സീരീസായ മണി ഹീസ്റ്റിന്റെ ഫൈനൽ സീസൺ റിലീസായതിനോട് അനുബന്ധിച്ചാണ് ഇത് അവതരിപ്പിച്ചത്. 17 സ്റ്റിക്കറുകളാണിതിൽ.
Content Highlights: whatsapp new feature, emoji reaction