ബഹിരാകാശയാത്രകളിൽ വിപ്ലവം സൃഷ്ടിച്ച ബഹിരാകാശ ഗവേഷണ ഏജൻസിയാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. ഏതൊരാൾക്കും ഒരു പൈലറ്റിന്റെ സഹായത്തോടെ ബഹിരാകാശയാത്ര നടത്താനാകുന്ന കാലമെത്തിയിരിക്കുന്നു. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും, റിച്ചാർജ് ബ്രാൻസണിന്റെ വിർജിൻ ഗാലക്‍ടികുമെല്ലാം ഈ രംഗത്തേക്ക് അധികം വൈകാതെ കടന്നുവരികയും ചെയ്തു. ഇപ്പോഴിതാ സാധാരണക്കാരായ ആളുകളുമായി ഒരു ബഹിരാകാശ വിനോദയാത്ര നടത്താനൊരുങ്ങുകയാണ് സ്പേസ് എക്സ്.
ഇൻസ്പിരേഷൻ 4 പദ്ധതി
ഇൻസ്പിരേഷൻ 4 എന്ന് പേരിട്ടിരിക്കുന്ന ഈ ഉദ്യമത്തിൽ ഷിഫ്റ്റ് 4 പേമെന്റ്സ് സ്ഥാപകനും സി.ഇ.ഒ.യുമായ ജാരെഡ് ഐസാക്മാനൊപ്പം മൂന്നു സാധാരണക്കാരും പങ്കാളികളാകുന്നത്.
സെയിന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിക്കുവേണ്ടിയുള്ള ഫണ്ട് സമാഹരണമാണ് യാത്രയുടെ പ്രധാനലക്ഷ്യം. കുട്ടിക്കാലത്തേ രക്താർബുദം ബാധിച്ച വ്യക്തിയും സെയ്ന്റ് ജൂഡിലെ ഡോക്‍ടറുടെ സഹായിയുമായ ഹാലി ആർസെനോക്സാണ് യാത്രക്കാരിലൊരാൾ. സിയാൻ പ്രോക്‍ടർ, ക്രിസ് സെബ്രോസ്കി എന്നിവരാണ് മറ്റുള്ളവർ. ഇവർ രണ്ടുപേരും ബഹിരാകാശ യാത്രയ്‍ക്കായുള്ള ഒരു മത്സരത്തിൽ വിജയിച്ചവരാണ്.
എല്ലാവരും പുതുമുഖങ്ങൾ
സാധാരണ മുൻപരിചയമുള്ള ഏതെങ്കിലും ബഹിരാകാശ സഞ്ചാരിയുടെ നേതൃത്വത്തിലാണ് ബഹിരാകാശ യാത്രകൾ നടത്താറുള്ളത്. എന്നാൽ ഇൻസ്പിരേഷൻ 4 ൽ ബഹിരാകാശ യാത്ര നടത്തുന്നവർ എല്ലാവരും പുതുമുഖങ്ങളും സാധാരണക്കാരുമാണ്.
പൈലറ്റ് കൂടിയായ ജാരെഡ് ഐസാക്മാനാണ് ഇൻസ്പിരേഷൻ 4 ന്റെ കമാൻഡർ. 16-ാം വയസിൽ ഷിഫ്റ്റ് ഫോർ എന്ന പേമന്റ് പ്രൊസസിങ് കമ്പനി ആരംഭിച്ച ഐസാക്മാൻ 21 ാം വയസിലാണ് പൈലറ്റാവുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനൊടുവിൽ വാണിജ്യ വിമാനങ്ങളും സൈനിക വിമാനങ്ങളും പറത്താനുള്ള അംഗീകാരവും അദ്ദേഹം നേടി. സാഹസിക വിമാന പറത്തലിൽ നിരവധി ലോക റെക്കോർഡുകളും ഇദ്ദേഹത്തിനുണ്ട്.
മൂന്നുപേരുടെയും ചെലവ് വഹിക്കുന്നത് ഐസാക്മാനാണ്. സെപ്റ്റംബർ 15 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം. മൂന്ന് ദിവസത്തിന് ശേഷം തിരികെ ഭൂമിയിൽ ഇറങ്ങുകയും ചെയ്‌യും. അടിയന്തിര കാരണങ്ങളാൽ യാത്രയിൽ മാറ്റം വന്നാൽ സെപ്റ്റംബർ 16 ന് പകരം തീയ്‌യതിയായി കണ്ടുവെച്ചിട്ടുണ്ട്. വിക്ഷേപണ സമയം പിന്നീട് അറിയിക്കും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർ യാത്രയ്‍ക്ക വേണ്ടിയുള്ള തയ്‌യാറെടുപ്പുകളിലായിരുന്നു. സെപ്റ്റംബർ മൂന്നിനാണ് യാത്രയ്‍ക്കുള്ള അനുമതി ലഭിച്ചത്.
ഇത് പ്രത്യേകം തയ്‌യാറാക്കിയ ടൂറിസ്റ്റ് പേടകം
ഫാൽക്കൺ 9 റോക്കറ്റിന്റെ സഹായത്താൽ സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ കാപ്സ്യൂളിലാണ് ഇൻസ്പിരേഷൻ 4 ദൗത്യം പുറപ്പെടുക. സാധാരണക്കാർക്ക് വേണ്ടിയുള്ള സ്പേസ് എക്സിന്റെ ആദ്യ വിക്ഷേപണമാണിത്. നാസയ്‍ക്ക് വേണ്ടിയുള്ള ഔദ്യോഗിക വിക്ഷേപണങ്ങൾക്കൊപ്പം വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ വിനോദ യാത്രകളും മുന്നിൽ കണ്ടാണ് ഡ്രാഗൺ ക്രൂ പേടകം സ്പേസ് എക്സ് തയ്‌യാറാക്കിയത്.
നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് ബസുകളെ പോലെയാണ് ഇൻസ്പിരേഷൻ 4 നായി പുറപ്പെടുന്ന ഡ്രാഗൺ ക്രൂ പേടകം എന്ന് പറയാം. യാത്രയും യാത്രാ വാഹനവും ആ രീതിയിലാണ് തയ്‌യാറാക്കിയിട്ടുള്ളത്. നേരത്തെ സ്പേസ് എക്സ് നടത്തിയ ക്രൂ ഡ്രാഗൺ വിക്ഷേപണങ്ങളെല്ലാം തന്നെ നാസയുടെ വിവിധ ഉദ്യമങ്ങൾക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ളതായിരുന്നു.
എന്നാൽ ഇത്തവണ ഡ്രാഗൺ ക്രൂ പേടകം ബഹിരാകാശ നിലയത്തിലേക്ക് പോവില്ല. പകരം വിക്ഷേപണത്തിന് ശേഷം മൂന്ന് ദിവസത്തോളം പേടകം ഭൂമിയെ ചുറ്റിക്കറങ്ങും. ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാൽ തന്നെ പേടകത്തെ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഡോക്കിങ് പോർട്ട് ഒഴിവാക്കി പകരം ടൂറിസ്റ്റ് ബസുകളിൽ വലിയ വിൻഡോ ഗ്ലാസുകൾ നൽകാറുള്ളത് പോലെ യാത്രക്കാർക്ക് ബഹിരാകാശത്തെ കാഴ്ചകൾ അതിമനോഹരമായി കാണാൻ സാധിക്കും വിധത്തിലുള്ള ഒരു ഡോം വിൻഡോ സ്ഥാപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും സമാനമായൊരു താഴികക്കുടം നൽകിയിട്ടുണ്ട്. ഇതിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഡ്രാഗൺ ക്രൂ പേടകത്തിൽ സ്പേസ്ക് എക്സ് ഈ സൗകര്യം ഒരുക്കിയത്. ഇതുവഴി ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്കുള്ള കാഴ്ച കൂടുതൽ വ്യക്തമായി യാത്രികർക്ക് കാണാനാവും.