ന്യൂഡൽഹി: രാജ്യത്തെ പടിഞ്ഞാറ്, തെക്ക് സോണുകളിലെ ബിഎസ്എൻഎൽ 2ജി, 3ജി സൈറ്റുകളെ 4ജിയിലേക്ക് മാറ്റുന്നതിനുള്ള നിർദേശം തള്ളി. ഇതിനായി നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയേറ്റിന്റെ (എൻ.എസ്.സി.എസ്.) അനുമതി ലഭിച്ചിരുന്നുവെങ്കിലും ബിഎസ്എൻഎൽ ബോർഡിലെ സർക്കാർ നോമിനികളാണ് നിർദേശം തള്ളിയത്.
ഉപകരണ വിൽപനക്കാരായ നോക്കിയയുമായി സഹകരിച്ച് 4ജി പദ്ധതി മുന്നോട്ട് കൊണ്ടുപോവാൻ എൻ.എസ്.സി.എസ്. അനുമതി നൽകിയിരുന്നു. എന്നാൽ ഇത് സുരക്ഷിതമല്ല എന്നാണ് ബിഎസ്എൻഎൽ ബോർഡിലെ സർക്കാർ നോമിനികൾ പറയുന്നത്.
വിൽപനക്കാരിൽ നിന്ന് ടെലികോം ഉപകരണങ്ങൾ വാങ്ങുന്നതിന് മുമ്പ് കമ്പനികൾക്ക് അനുമതി നൽകുന്നതിനായി സർക്കാർ നിയമിച്ച സംവിധാനമാണ് എൻ.എസ്.സി.എസ്. ഉപകരണങ്ങൾ ടെലികോം കമ്പനികൾക്കും രാജ്യത്തിനും സുരക്ഷിതമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതും എൻ.എസ്.സി.എസിന്റെ ചുമതലയാണ്.
പടിഞ്ഞാറൻ സോണുകളിലും, തെക്കൻ സോണുകളിലും 2ജി, 3ജി നെറ്റ് വർക്കുകളെ 4ജിയിലേക്ക് പരിഷ്കരിക്കാൻ എൻ.എസ്.സി.എസ്. അനുമതി നൽകിയതാണ്. ഇത് യാഥാർത്ഥ്യമായാൽ 13,533 സൈറ്റുകളാണ് 4ജിയിലേക്ക് മാറുക.
സ്വകാര്യ കമ്പനികളെല്ലാം ഇതിനോടകം രാജ്യ വ്യാപകമായി 4ജി ലഭ്യമാക്കുകയും 5ജി വ്യാപനത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്ത അവസരത്തിലാണ് സർക്കാരിന് കീഴിൽവരുന്ന ബിഎസ്എൻഎലിന് 4ജി വിന്യാസം പൂർത്തിയാക്കാൻ സാധിക്കാതെ നിരന്തരം തടസങ്ങളുണ്ടാവുന്നത്.