ഫെയ്സ്ബുക്കിൽ ശരിയായ വാർത്തകളേക്കാൾ കൂടുതൽ ആളുകൾ ഇടപെടുന്നത് വ്യാജവാർത്തകളിലെന്ന് പഠനം. ന്യൂയോർക്ക് സർവകലാശാലയിലേയും ഫ്രാൻസിലെ ഗ്രെനോബിൾ ആൽപ്സ് സർവകലാശാലയിലേയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തൽ.
വ്യാജ വാർത്തകളിൽ ശരിയായ വാർത്തകളേക്കാൾ ആറിരട്ടി ഇടപെടൽ നടക്കുന്നുണ്ടെന്ന് പഠനം പറയുന്നു. 2020 ഓഗസ്റ്റ് മുതൽ 2021 ജനുവരി വരെയുള്ള കാലയളവിൽ 2500 ലേറെ വാർത്താ പോർട്ടലുകളുടെ പേജുകളിലാണ് ഗവേഷകർ പഠനം നടത്തിയത്.
വ്യാജ വാർത്തകൾ വരുന്ന പേജുകളിൽ നിരന്തരം കൂടുതൽ ലൈക്കുകളും ഷെയറുകളും കമന്റുകളും വരുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടാനുള്ള പ്രവണത പ്രസാധകരിൽ കൂടുതലാണെന്നും പഠനം കണ്ടെത്തി.
നവംബറിൽ നടക്കുന്ന ഇന്റർനെറ്റ് മെഷർമെന്റ് കോൺഫറൻസിന് മുന്നോടിയായി ഈ ഗവേഷണ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കും.
അതേസമയം ഈ പഠനം പോസ്റ്റുകളുടെ ഇടപെടൽ മാത്രമാണ് പരിശോധിക്കുന്നത് എന്നും റീച്ച് അല്ലെന്നും ഫെയ്സ്ബുക്ക് വക്താവ് പ്രതികരിച്ചു. ഫെയ്സ്ബുക്കിലെ ഒരു പോസ്റ്റ് എത്രപേർ കാണുന്നു എന്നതിനെയാണ് റീച്ച് എന്നത് കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്.
ഫെയ്സ്ബുക്ക് ഉള്ളടക്കങ്ങളുടെ റീച്ച് വിവരങ്ങൾ കമ്പനി ഗവേഷർക്ക് ലഭ്യമാക്കുന്നില്ല. ഇതിന് പകരം ഫെയ്സ്ബുക്കിന്റെ തന്നെ ക്രൗഡ് ടാങ്കിൾ സേവനം ഉപയോഗിച്ചാണ് ഗവേഷകർ വിവരശേഖരണം നടത്തുന്നത്.