ഐഫോൺ ഉപയോഗിക്കുന്ന ഒരാൾക്ക് ആൻഡ്രോയിഡ് ഫോണിലേക്ക് മാറുമ്പോൾ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി പുതിയ ഫോണിലേക്ക് മാറ്റാൻ സൗകര്യമൊരുക്കി വാട്സാപ്പ്. ഉപഭോക്താക്കൾ ഏറെകാലമായി ഉന്നയിച്ച ആവശ്യമായിരുന്നു ഇത്. മുമ്പ് ഐഫോണിൽ നിന്ന് ആൻഡ്രോയിഡ് ഫോണിലേക്ക് മാറുമ്പോൾ പഴയ ചാറ്റുകൾ നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു.
നിലവിൽ ആൻഡ്രോയിഡ് 10 സാംസങ് ഫോണുകളിലേക്ക് മാറുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.
വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി ഐഫോണിൽ നിന്ന് സാംസങ് ഫോണിലേക്ക് മാറ്റാൻ എന്ത് ചെയ്‌യണം?
- ഐഫോണിൽ വാട്സാപ്പ് ഐഓഎസ് 2.21.160.17 പതിപ്പോ അതിന് ശേഷമുള്ളതോ ആയിരിക്കണം. സാംസങ് ഫോണിൽ വാട്സാപ്പ് ആൻഡ്രോയിഡ് 2.21.16.20 പതിപ്പ് ആയിരിക്കണം. കൂടാതെ യുഎസ്ബി സി – ലൈറ്റ്നിങ് കേബിളും ആവശ്യമാണ്.
- പഴയ ഫോണിൽ ഉണ്ടായിരുന്ന അതേ ഫോൺ നമ്പർ തന്നെയാവണം പുതിയ ഫോണിൽ ഉപയോഗിക്കുന്നത്.
- 3.7.22.1 വേർഷനോ അതിന് ശേഷമോ ഉള്ള സ്മാർട്ട് സ്വിച്ച് ആപ്പ് ഫോണിൽ വേണം. സാംസങ് ഫോൺ പുതിയതോ അല്ലെങ്കിൽ ഫാക്‍ടറി റീസെറ്റ് ചെയ്തതോ ആയിരിക്കണം.
ചെയ്‌യേണ്ടത് ഇത്രമാത്രം
1. ആദ്യം നിങ്ങളുടെ സാംസങ് ഫോൺ ഓൺ ചെയ്ത് ഐഫോണുമായി കേബിൾ വഴി ബന്ധിപ്പിക്കുക.
2. സംസങ് സ്മാർട് സ്വിച്ച് ആപ്പ് നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോവുക.
3. സാംസങ് ഫോണിലെ സ്ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് ഐഫോൺ ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്‌യുക.
4. ഐഫോണിൽ സ്റ്റാർട്ട് ക്ലിക്ക് ചെയ്‌യുക. പ്രോസസ് പൂർത്തിയാവുന്നത് വരെ കാത്തിരിക്കുക.
5. ശേഷം സാംസങ് ഫോൺ സെറ്റിങ്സ് പൂർത്തിയാക്കുക.
6. ശേഷം നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ടിൽ ലോഗിൻ ചെയ്‌യുക. ഐഫോണിൽ ഉപയോഗിച്ചിരുന്ന അതേ നമ്പർ തന്നെ ആയിരിക്കണം.
7. ഇംപോർട്ട് ബട്ടൻ ക്ലിക്ക് ചെയ്‌യുക. പ്രോസസ് പൂർത്തിയാവാൻ കാത്തിരിക്കുക.
8. പുതിയ ഫോൺ ആക്റ്റിവേറ്റ് ചെയ്തതിന് ശേഷം നിങ്ങൾക്ക് പഴയ ചാറ്റുകളെല്ലാം വാട്സാപ്പിൽ കാണാൻ സാധിക്കും.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ
ചാറ്റുകൾ പുതിയ ഫോണിലേക്ക് എത്തിച്ചാലും പഴയ ഐഫോണിൽ നിന്ന് അവ നീക്കം ചെയ്‌യപ്പെടില്ല. അത് നീക്കം ചെയ്‌യണമെങ്കിൽ ഐഫോണിൽ നിന്ന് വാട്സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്‌യുകയോ വാട്സാപ്പ് അൺഇൻസ്റ്റാൾ ചെയ്‌യുകയോ വേണം.
വ്യക്തിഗത സന്ദേശങ്ങൾ മാത്രമാണ് ഇതുവഴി പുതിയ ഫോണിലേക്ക് മാറ്റാനാവുക. പണമിടപാട് വിവരങ്ങൾ പുതിയ ഫോണിലേക്ക് മാറില്ല. കൂടാതെ വാട്സാപ്പ് കോൾ ഹിസ്റ്ററിയും ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് കൊണ്ടുപോവാനാവില്ല.
താമസിയാതെ തന്നെ മറ്റ് ആൻഡ്രോയിഡ് ഫോണുകളിലും ഈ സൗകര്യം ലഭ്യമാക്കുമെന്ന് വാട്സാപ്പ് അറിയിച്ചു.