പ്രമേഹത്തിന്റെ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഒരു സാധാരണ ലക്ഷണം കൂടി ഉണ്ട്. നിങ്ങൾ എപ്പോഴെങ്കിലും രാവിലെ വരണ്ട വായയോട് കൂടി ഉണർന്നിട്ടുണ്ടോ? എങ്കിൽ, ഇത് പ്രമേഹത്തിന്റെ ലക്ഷണമാകാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് വായയിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, നിങ്ങൾ പ്രമേഹത്താൽ ബുദ്ധിമുട്ടുന്നുവെങ്കിൽ, നിങ്ങൾക്ക് പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മോണരോഗങ്ങളും ഉണ്ടാകാം. നിങ്ങൾ ശ്രദ്ധിക്കേണ്ട വായയിൽ ഉണ്ടാവുന്ന ചില രോഗ ലക്ഷണങ്ങൾ ഇതാ:
ടൈപ്പ് 2 പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് വരണ്ട വായ അല്ലെങ്കിൽ സീറോസ്റ്റോമിയ (Xerostomia). പ്രമേഹം വായിൽ ഉമിനീരിന്റെ അഭാവം ഉണ്ടാക്കും, ഇത് നിങ്ങളുടെ വായ വരണ്ടതാവുകയും അധിക ദാഹവും അനുഭവപ്പെടും. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ ഇത് വ്രണം, അൾസർ, അണുബാധ, പല്ല് നശിക്കൽ എന്നിവയ്ക്കും കാരണമാകും.
മോണരോഗം
നിങ്ങൾ ബ്രഷ് ചെയ്യുമ്പോഴോ ഫ്ലോസ് ചെയ്യുമ്പോഴോ നിങ്ങളുടെ പല്ലുകളോ മോണയിലോ രക്തസ്രാവമുണ്ടാവാറുണ്ടോ? ഇത് മോണരോഗത്തിന്റെ ആദ്യ ലക്ഷണമാകാം. പ്രമേഹം നിങ്ങളുടെ മോണയിൽ രക്തസ്രാവവും വീക്കവും ഉണ്ടാക്കും. ഇത് ജിംഗിവൈറ്റിസ് (Gingivitis) എന്നറിയപ്പെടുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, ഇത് പല്ലുകളെ പിന്തുണയ്ക്കുന്ന മൃദുവായ ടിഷ്യൂകളെയും അസ്ഥികളെയും നശിപ്പിക്കുന്ന പീരിയോൺഡൈറ്റിസ് എന്ന ഗുരുതരമായ അണുബാധയിലേക്ക് നയിച്ചേക്കാം.
പല്ല് നശിക്കൽ
രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് പല്ല് നശിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കും. നിങ്ങളുടെ വായിൽ പല തരത്തിലുള്ള ബാക്ടീരിയകൾ ഉണ്ട്, അവ പഞ്ചസാരയോടും അന്നജത്തോടും ഇടപഴകുമ്പോൾ പ്ലാക്ക് ഉണ്ടാക്കുന്നു. പ്ലാക്കിൽ ഉള്ള ആസിഡ് നിങ്ങളുടെ ഇനാമലിനെ ആക്രമിക്കുന്നു, ഇത് കാവിറ്റി പ്രശ്‌നങ്ങൾക്കും മോണരോഗങ്ങൾക്കും കാരണമാകുന്നു. പല്ല് നശിക്കുന്നത് ചികിത്സിച്ചില്ലെങ്കിൽ വേദനയ്ക്കും അണുബാധയ്ക്കും, പിന്നീട് പല്ല് നഷ്ടപ്പെടാനും കാരണമാകും.
വായയിലെ പൂപ്പൽ
കാൻഡിഡിയസിസ് എന്നും അറിയപ്പെടുന്ന വായയിലെ പൂപ്പൽ അഥവാ ഓറൽ ത്രഷ് ഒരു ഫംഗസ് അണുബാധയാണ്. പ്രമേഹരോഗികളായ ആളുകൾ പലപ്പോഴും അണുബാധകൾക്കെതിരെ പോരാടാൻ ആൻറിബയോട്ടിക്കുകൾ കഴിക്കാറുണ്ട്. ഇത് മൂലം വായിലും നാവിലും ഫംഗസ് അണുബാധ ഉണ്ടാവാൻ സാധ്യതയുണ്ട്. വായ, നാവ്, മോണ, കവിൾ, വായയുടെ മേൽഭാഗം എന്നിവയിൽ വേദനയുള്ള വെള്ളയും ചുവപ്പും ഉള്ള പാടുകൾ വായയിലെ പൂപ്പലിന്റെ സാധാരണ ലക്ഷണങ്ങളാണ്. ഈ പാടുകൾ തുറന്ന വ്രണങ്ങളായി മാറാൻ പോലും കാരണമാവും. വായയുടെ നല്ല ശുചിത്വം പാലിക്കുന്നത് ഇത്തരം അണുബാധ ഒഴിവാക്കാൻ സഹായിയ്ക്കും ഒഴിവാക്കാൻ സഹായിക്കും.
വായയും നാവും പൊള്ളുന്നത് പോലുള്ള അവസ്ഥ
വായയും നാവും പൊള്ളുന്നത് പോലെ അനുഭവപ്പെടുന്ന അവസ്ഥ സങ്കീർണ്ണവും വേദനാജനകവുമായ അവസ്ഥയാണ്. വായയ്ക്കുള്ളിൽ കത്തുന്ന പോലെയുള്ള വേദന ഉണ്ടാകുന്നത് അനിയന്ത്രിതമായ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൊണ്ടാണ്, ഇത് വരണ്ട വായ, കയ്പ്പ് രുചി, കത്തുന്ന അനുഭവം എന്നിവയ്ക്കും കാരണമാവും. ദിവസം കഴിയുംതോറും രോഗലക്ഷണങ്ങൾ കൂടുതൽ വഷളാകും.
അതിനാൽ ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടാം.