എപ്പോഴും വൃത്തിയോടെയിരിക്കാം:
എല്ലാ ദിവസവും കുളിക്കുന്നതോടൊപ്പം വജൈനൽ ഭാഗങ്ങൾ വൃത്തിയാക്കാൻ പ്രത്യേക ശ്രദ്ധ നൽകണം. ഇതിനായി ഇന്റിമേറ്റ് വാഷുകൾ പ്രത്യേകം ഉപയോഗിക്കാം. എന്നാൽ വജൈനയുടെ ഉൾവശത്തേക്ക് ഇത്തരം ഉത്പന്നങ്ങൾ കടക്കാതിരിക്കാൻ ശ്രദ്ധിക്കണം. കഴിയുമെങ്കിൽ ഹെർബൽ ഉത്പന്നങ്ങൾ ഇതിനായി തിരഞ്ഞെടുക്കാം. വീര്യം കൂടിയ കെമിക്കലുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഇന്റിമേറ്റ് വാഷുകൾ ഉപയോഗിക്കുന്നത് ഭാവിയിൽ ഗുരുതര രോഗങ്ങൾക്ക് വഴി വെച്ചേക്കാം. കഠിനമായ ജോലികൾ ചെയ്ത ശേഷമോ വ്യായാമം ചെയ്ത ശേഷമോ വിയർത്തിരിക്കുന്ന അവസ്ഥയിൽ ദീർഘനേരം തുടരുന്നത് നല്ലതല്ല. ശരീരം വൃത്തിയാക്കി വെയ്ക്കാനായി ഇത്തരം സന്ദർഭങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.
പ്രധാനം:
സാധാരണ ദിവസങ്ങളേക്കാൾ വൃത്തിയോടെ ഇരിക്കേണ്ട സമയമാണ് ആർത്തവ ദിനങ്ങൾ. ഏറ്റവും കൂടുതൽ വജൈനൽ ഇൻഫെക്ഷൻ ബാധിക്കാനുള്ള സാധ്യതയുള്ള സമയമാണ് പിരീഡ് ദിനങ്ങൾ. കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾക്ക് ആർത്തവ ശുചിത്വത്തെ കുറിച്ച് ധാരണയുണ്ടാകണം, അമ്മമാർ ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകുകയും ശുചിത്വം ഉറപ്പാക്കുന്ന ഉത്പന്നങ്ങൾ വാങ്ങി നൽകുകയും വേണം. ബ്ലീഡിംഗ് തീരും വരെ കൃത്യമായ രീതിയിൽ തന്നെ ശുചിത്വ കാര്യങ്ങൾ പാലിക്കണം. ആറു മണിക്കൂറിൽ കൂടുതൽ ഒരേ നാപ്കിൻ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഓരോ തവണ നാപ്കിൻ മാറ്റുമ്പോഴും വജൈന വൃത്തിയാക്കണം. ഈ ദിവസങ്ങളിൽ ആവശ്യമെങ്കിൽ മാനസിക പിന്തുണ നൽകാനും വീട്ടിലുള്ളവർ ശ്രമിക്കണം.
ശരിയായ ഉത്പന്നം തിരഞ്ഞെടുക്കാം:
സ്ത്രീകൾക്കായി ധാരാളം ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. പ്രത്യേകിച്ച് വജൈനൽ ആരോഗ്യത്തിന്. പല പേരുകളിൽ ഇന്റിമേറ്റ് വാഷുകൾ ലഭിക്കും, എന്നാൽ അവയിലെ ചേരുവകൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലതും വീര്യം കൂടിയ രാസവസ്തുക്കളുടെ മിശ്രിതമാണ്, അതുകൊണ്ട് തന്നെ മറ്റ് രോഗാവസ്ഥകളിലെയ്ക്ക് വഴിവെക്കുകയും ചെയ്യും. വജൈനയിലെ പി.എച്ച് മൂല്യത്തെ അസന്തുലിതമാക്കാൻ ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം കാരണമാകും. അതിനാൽ ഇന്റിമേറ്റ് വാഷുകൾ പോലുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. സോപ്പ്, പെർഫ്യൂം, ടാൽകം പൗഡർ പോലുള്ളവ ഈ ഭാഗങ്ങളിൽ ഉപയോഗിക്കാൻ പാടില്ല.
ഡ്രൈ ആയി സൂക്ഷിക്കാം:
എല്ലായ്പ്പോഴും ഡ്രൈ ആയി സൂക്ഷിക്കണം. നനവിന്റെ അംശം വജൈനൽ ഭാഗങ്ങളിൽ നിലനിന്നാൽ ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് തടയാനായി നനവിന്റെ അംശം വലിച്ചെടുക്കുന്ന കോട്ടൺ അടി വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കാം. മാത്രമല്ല, ദിവസത്തിൽ രണ്ടു നേരം ഇവ മാറ്റി വൃത്തിയുള്ളത് ധരിക്കാനും ശ്രദ്ധിക്കണം. അടിവസ്ത്രങ്ങൾ അലക്കി നല്ല വെയിലത്ത് ഉണക്കി മാത്രം ഉപയോഗിക്കുന്നത് ഒരു പരിധി വരെയുള്ള അണുബാധ തടയാൻ കഴിയും.
അമിതമായ രോമങ്ങൾ ഒഴിവാക്കാം:
വജൈനയുടെ ഭാഗങ്ങളിൽ അമിതമായ രീതിയിൽ രോമങ്ങൾ വളർന്നു നിന്നാൽ അത് അണുബാധയ്ക്ക് കാരണമാകും. പ്രത്യേകിച്ച് പിരീഡ് സമയങ്ങളിൽ. അതിനാൽ അമിതമായ രോമങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. പൂർണമായും നീക്കം ചെയ്യുന്നതിന് പകരം വെട്ടിയൊതുക്കി സൂക്ഷിക്കുന്നതാണ് നല്ലത്. വജൈന സുരക്ഷിതമായിരിക്കാൻ വേണ്ടിയാണ് ഈ ഭാഗത്ത് രോമങ്ങൾ വളരുന്നത്. അതുകൊണ്ട് തന്നെ പൂർണമായും നീക്കം ചെയ്യുന്നത് ഗുണകരമാകില്ല.
കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാം:
പിരീഡ് സമയത്ത് നാപ്കിൻ, വജൈനൽ കപ്പ്, ടാംപോൺസ് തുടങ്ങി ഏത് വേണമെങ്കിലും നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് ഉപയോഗിക്കാം. എന്നാൽ ഏത് ഉപയോഗിച്ചാലും കൃത്യമായ ഇടവേളകളിൽ ഇവ മാറ്റി വൃത്തിയാക്കാൻ ശ്രമിക്കണം. അധിക നേരം ഒരേ നാപ്കിൻ അല്ലെങ്കിൽ വജൈനൽ കപ്പ് ഉപയോഗിക്കുകയാണെങ്കിൽ അത് ഗർഭാശയവുമായി ബന്ധപ്പെട്ട രോഗവസ്ഥകൾക്ക് വഴിവെക്കും.
വജൈനൽ ഇന്ഫെക്ഷനും കാരണങ്ങളും:
സ്വയം ശുദ്ധിയാകാനുള്ള ശേഷിയുള്ളതാണ് വജൈന. എന്നാൽ വൾവാ ഏരിയ പുറമേ നിന്നുള്ള ഉത്പന്നങ്ങളുടെ ഉപയോഗം കാരണം പല തരത്തിലുള്ള അണുബാധകൾക്ക് വിധേയമാകാറുണ്ട്. അതുകൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അനാരോഗ്യകരമായ അവസ്ഥകൾക്ക് കാരണമാകുന്നത് എന്തെല്ലാമാണെന്നും തിരിച്ചറിയണം.
ബാക്ടീരിയൽ വജൈനോസിസ് – വജൈനയിലെ നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും തമ്മിലുള്ള അസന്തുലിതാവസ്ഥ കാരണമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
യീസ്റ്റ് ഇന്ഫെക്ഷൻ – കാൻഡിഡ ആൽബിക്കൻസ് എന്ന ഫംഗസ് കാരണമാണ് വജൈനയിൽ യീസ്റ്റ് ഇന്ഫെക്ഷൻ ഉണ്ടാകുന്നത്. പല തരത്തിലുള്ള മരുന്നുപയോഗം ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് വജൈനയിലെ ആൻറി ഫംഗൽ ബാക്ടീരിയകൾ നശിച്ചു പോകാറുണ്ട്. ഇത് ഫംഗൽ ഇന്ഫെക്ഷൻ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ട്രിക്കോമൊനൈസസ് – ലൈംഗിക ബന്ധത്തിലൂടെ പകരുന്ന പാരസൈറ്റ് ആണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.
അലർജി – പലതരം സോപ്പുകൾ, ബോഡി വാഷുകൾ,പെർഫ്യൂം എന്നിവയുടെ ഉപയോഗം വജൈനൽ ഭാഗത്ത് അലർജി പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. പതിവായി ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് മൂലവും ഇത്തരത്തിൽ സംഭവിക്കാം.
കൗമാര പ്രായത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുന്നതും അവ കൃത്യമായി പാലിക്കുന്നതും ഭാവിയിൽ വലിയ രോഗാവസ്ഥകൾ ഉണ്ടാകാതെ സുരക്ഷിതരായിരിക്കാൻ കഴിയും. ഈ പ്രായത്തിലുള്ള പെൺകുട്ടികളോട് ശുചിത്വത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കെണ്ടതും ഇക്കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കെണ്ടതും മുതിർന്നവരുടെ ഉത്തരവാദിത്തമാണ്.