ടൈഫസ് എന്ന പകർച്ചാവ്യാധിക്കെതിരായ ആദ്യത്തെ ഫലപ്രദമായ വാക്സിൻ വികസിപ്പിച്ചെടുത്ത പോളിഷ് ജീവശാസ്ത്രജ്ഞൻ റുഡോൾഫ് സ്റ്റെഫാൻ വീഗലിന്റെ ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. റുഡോൾഫ് തന്റെ ലാബിൽ ടെസ്റ്റ് ട്യൂബ് ഉയർത്തി നോക്കുന്ന ദൃശ്യമാണ് ഡൂഡിലിൽ ചിത്രീകരിച്ചിരിക്കുന്നത്.
ലോകമഹായുദ്ധകാലത്ത് ഏറെ കാലം ജനങ്ങൾക്കിടയിൽ പടർന്നു പിടിച്ച പകർത്താവ്യാധിയായിരുന്നു ടൈഫസ്. അദ്ദേഹം വികസിപ്പിച്ച വാക്സിൻ അന്ന് ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്പെടുകയുണ്ടായി.
1883 സെപ്റ്റംബർ രണ്ടിന് ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മൊറാവിയയിലെ പ്രെറാവിലാണ് വീഗലിന്റെ ജനനം. ഓസ്ട്രിയ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു വീഗലിന്റെ മാതാപിതാക്കൾ. പിന്നീട് വിഗലിന്റെ കുടുംബം പോളണ്ടിലേക്ക് കുടിയേറി.
പിന്നീട് പോളണ്ടുകാരനായി വളർന്ന വീഗൽ 1907 ൽ പോളണ്ടിലെ ലിവ്യൂ സർവകലാശാലയിൽ നിന്നും ജീവശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് സുവോളജി, അനാട്ടമി, ഹിസ്റ്റോളജി എന്നിവയിൽ ഡോക്‍ടറേറ്റ് ബിരുദവും സ്വന്തമാക്കി.
1914 ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഓസ്ട്രോ-ഹംഗേറിയൻ സൈന്യത്തിന് വേണ്ടി ആരോഗ്യ സേവനം നടത്തിവരുന്ന സമയത്താണ് ടൈഫസ് വാക്സിനെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും അദ്ദേഹം ഗവേഷണം ആരംഭിച്ചത്. അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്ന ഒരു സൈനിക ആശുപത്രിയിലെ ലാബിലാണ് 1918-1920 കാലത്ത് ടൈഫസ് രോഗത്തെ കുറിച്ചുള്ള ഗവേഷണം നടന്നിരുന്നത്. തുടർന്ന് അദ്ദേഹം വാക്സിൻ വികസിപ്പിച്ചെടുക്കുകയും ചെയ്തു.
രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ട് കയ്‌യടക്കിയ നാസി ജർമനിയുടെ ഉത്തരവ് അനുസരിച്ച് ഒരു ടൈഫസ് വാക്സിൻ നിർമാണശാല ആരംഭിച്ച വീഗൽ, ജൂതന്മാരും, പോളിഷ് ബുദ്ധിജീവികളും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾക്ക് അവിടെ തൊഴിൽ നൽകി. വാക്സിൻ നിർമാണത്തിന് സഹായം നൽകിയ ഇവർക്കെല്ലാം ഭക്ഷണവും താമസവും വാക്സിൻ ഡോസുകളും അദ്ദേഹം നൽകി. ഇദ്ദേഹം നിർമിച്ച വാക്സിൻ പോളണ്ടിലെ ചെറുനഗരങ്ങളിലേക്കും കോൺസട്രേഷൻ ക്യാമ്പുകളിലേക്കും കടത്തപ്പെടുകയും 5000 ലേറെ പേർക്ക് വാക്സിൻ ലഭിക്കുകയും ചെയ്തു. പിന്നീട് സോവിയറ്റ് യൂണിയനാണ് ഈ സ്ഥാപനം അടച്ചുപൂട്ടിയത്.
ജാഗെലോണിയൻ യൂണിവേഴ്സിറ്റിയിലെ ജനറൽ മൈക്രോബയോളജി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, പോസ്നി മെഡിക്കൽ ഫാക്കൽറ്റിയുടെ ബയോളജി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1957 ഓഗസ്റ്റ് 11 ന് പോളിഷ് മൗണ്ടൻ റിസോർട്ടായ സകോപേനിൽ വെച്ച് വെയ്ഗൽ അന്തരിച്ചു.
രണ്ട് തവണ നോബൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്‌യപ്പെട്ടുവെങ്കിലും വിവിധ രാഷ്ട്രീയ കാരണങ്ങളാൽ അത് തിരസ്കരിക്കപ്പെടുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സംഭാവനകൾ അംഗീകരിക്കപ്പെട്ടു തുടങ്ങിയത്.