കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ ഒരു മാലയിലെ മുത്തുകളിൽ കുറവ് വന്നതുമായിബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റിനാണ് റിപ്പോർട്ട് നൽകിയത്.
ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ ഒരു മാല ഏതെങ്കിലും തരത്തിൽ നഷ്ടപ്പെട്ടതാണോ അതോ കണക്കെടുപ്പ് സമയത്ത് പകരം മാല വെച്ചതാണോ എന്നുള്ള കാര്യം പരിശോധിക്കണമെന്നാണ് ദേവസ്വം വിജിലൻസ് എസ്.പി. പി.വി ജോയി നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
സ്വർണ്ണംകെട്ടിയ 81 രുദ്രാക്ഷ മുത്തുകളുള്ള മാലയാണ് 2006ൽ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനായ ഭക്തൻ സമർപ്പിച്ചത്. എന്നാൽ നിലവിൽ ദേവസ്വം വിജിലൻസിന്റെ കണക്കെടുപ്പിൽ കണ്ടത് 72 രുദ്രാക്ഷ മുത്തുകളോട് കൂടിയ മാലയാണ്. മാലയുടെ മുത്തുകളിൽ ഉണ്ടായ കുറവ് ദേവസ്വം ബോർഡിനെ യഥാസമയം അറിയിക്കുന്നതിൽ ഏറ്റൂമാനൂരിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായും ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
2006 മുതലുള്ള മേൽ ശാന്തിമാർ അന്ന് മുതലുള്ള അക്കൗണ്ടന്റുമാർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ മറ്റു കീഴ് ശാന്തിമാർ തുടങ്ങിയവരുടെ മൊഴിയെടുത്ത ശേഷമാണ് ഇത്തരത്തിൽ ഒരു വിശദമായ റിപ്പോർട്ട് ദേവസ്വം വിജിലൻസ് നൽകിയിരിക്കുന്നത്.
തിരുവാഭരണത്തിലെ സ്വർണ്ണത്തിൽ മൂന്ന് ഗ്രാമോളം കുറവ് വന്നിട്ടുണ്ട് എന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. തിരുവാഭരണ കമ്മീഷണറും ഇക്കാര്യത്തിൽ ഈ തരത്തിലുള്ള റിപ്പോർട്ട് തന്നെയാണ് നൽകിയിരിക്കുന്നത്.
ഇതിൽ മോഷണമാണോ നടന്നിരിക്കുന്നത് എന്ന കാര്യത്തിൽ ഇപ്പോൾ പോലീസിന്റെ അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്.
Content Highlights: Thiruvabharanam missing in ettumanoor temple – devaswom vigilance submit report