റിയാദ് > റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച കേളി കലാസാംസ്ക്കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗമായിരുന്ന ജയപ്രകാശിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. ജയപ്രകാശിന്റെ വസതിയിൽ നടന്ന ചടങ്ങിൽ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് സഹായം കൈമാറിയത്.
ജയപ്രകാശിന്റെ മക്കൾ സാരംഗ്, സാന്ത്വന എന്നിവർ ചേർന്ന് സഹായധനം ഏറ്റുവാങ്ങി. കണ്ണൂര്‍ മാവിലായി മുണ്ടയോട് സ്വദേശിയായിരുന്ന ജയപ്രകാശ് കേളി കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം റിയാദിൽ ഹൃദയാഘാതത്തെ തുടർന്നാണ് ജയപ്രകാശ് മരിച്ചത്. കേളിയിൽ അംഗമായിരിക്കെ മരിക്കുന്നവരുടെ കുടുംബത്തെ സഹായിക്കാൻ അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന തുകയാണ് കുടുംബസഹായമായി കൈമാറുന്നത്.
ചടങ്ങിൽ സിപിഐ എം ലോക്കൽ സെക്രട്ടറി വി രാജൻ, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം കരുണൻ, ബ്രാഞ്ച് സെക്രട്ടറി നിധിൻ, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവൻ ചൊവ്വ, വാർഡ് മെമ്പർ ശൈലജ, പ്രകാശൻ മോറാഴ, കേളി മുൻ ഭാരവാഹി ജയരാജൻ ന്യൂസനയ്യ തുടങ്ങിയവർ സംസാരിച്ചു. കേളി പ്രവർത്തകരായ മനോഹരൻ, ശ്രീധരൻ, രതീഷ്, അനീഷ്, ശ്രീകാന്ത്, ബ്രിജേഷ്, വിജയൻ, രവി അത്തിക്ക, അഡ്വ. പി ശശി, ജയപ്രകാശിന്റെ ഭാര്യ, സിപിഎം പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.