ജിസാൻ > ജിസാനിലെ പ്രവാസിമലയാളികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയായ ‘ജല’ വെർച്വൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കൃഷിമന്ത്രി പി പ്രസാദ് മുഖ്യാതിഥിയായി . ചലച്ചിത്ര പിന്നണി ഗായികയും നിയമസഭാംഗവുമായ ദലീമ ജോജോ ‘ജല വെർച്വൽ ഓണം 2021’ ഉദ്ഘാടനം ചെയ്തു. ഓണ അനുഭവങ്ങൾ പങ്കുവെച്ചും ഓണപ്പാട്ടുകൾ പാടിയുമാണ് ദലീമ ജോജോ ‘ജല’ ഓണലൈൻ ആഘോഷത്തിന് തുടക്കം കുറിച്ചത്.
ഓണസംഗമത്തിൽ നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ മുഖ്യപ്രഭാഷണം നടത്തി. ജല കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് എം.കെ.ഓമനക്കുട്ടൻ അധ്യക്ഷനായി. ജല രക്ഷാധികാരി താഹ കൊല്ലേത്ത് ഓണസന്ദേശം നൽകി.
ലോക കേരള സഭാംഗവും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.മുബാറക്ക് സാനി, റസൽ കരുനാഗപ്പള്ളി, ഡോ.ജോ വർഗീസ്, സണ്ണി ഓതറ, ഹനീഫ മൂന്നിയൂർ, ഫൈസൽ മേലാറ്റൂർ, മൊയ്തീൻ ഹാജി, മനോജ് കുമാർ, എസ്.സതീഷ് കുമാർ, അജിതൻ എന്നിവർ ആശംസകൾ നേർന്നു. ജല പ്രവർത്തകനായ റഫീഖ് വള്ളുവമ്പ്രം രചിച്ച മാപ്പിളപ്പാട്ട് വീഡിയോ ചടങ്ങിൽ പ്രകാശനം ചെയ്തു. ജല ജനറൽ സെക്രട്ടറി വെന്നിയൂർ ദേവൻ സ്വാഗതവും സലാം കൂട്ടായി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.