ലീഡ്സ്: മൂന്നാം ദിനം പുറത്താകാതെ 180 പന്തില്‍ 91 റണ്‍സ്. 15 ബൗണ്ടറികള്‍. ഇന്ത്യയെ കരകയറ്റുകമാത്രമായിരുന്നില്ല വിമര്‍ശകര്‍ക്ക് ബാറ്റു കൊണ്ട് ഉചിതമായ മറുപടി കൂടി നല്‍കുകയായിരുന്നു ചേതേശ്വര്‍ പൂജാര. ആദ്യ രണ്ട് ടെസ്റ്റുകളില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ പോയതില്‍ താരം ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പൂജാരയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സഹതാരം രോഹിത് ശര്‍മ.
“പൂജാരയുടെ ഫോമിനെ പറ്റി ഇതുവരെ ഡ്രസിങ് റൂമില്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. സംസാരം പുറത്ത് മാത്രമാണ് നടക്കുന്നതെന്ന് തോന്നുന്നു. പൂജാരയുടെ മികവും പരിചസമ്പത്തും ഞങ്ങള്‍ക്ക് നന്നായി അറിയാം. അങ്ങനൊരാള്‍ ടീമിലുള്ളപ്പോള്‍ മറ്റ് ചര്‍ച്ചകളിലേത്ത് കടക്കേണ്ട ആവശ്യമില്ലെന്നാണ് എന്റെ കാഴ്ചപ്പാട്,” രോഹിത് വ്യക്തമാക്കി.
“പൂജാരയുടെ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ പ്രകടനം പരിഗണിക്കുകയാണെങ്കില്‍ റണ്‍സ് നേടിയത് കുറവാണ്. പക്ഷെ ലോര്‍ഡ്സില്‍ അജിങ്ക്യ രഹാനയുമൊത്ത് നിര്‍ണായകമായൊരു കൂട്ടുകെട്ട് അദ്ദേഹം ഉണ്ടാക്കി. ഓസ്ട്രേലിയയിലെ പൂജാരയുടെ പ്രകടനം മറക്കാനാകില്ല. അത്തരം പ്രകടനം കാരണമാണ് ഓസ്ട്രേലിയയില്‍ ചരിത്ര വിജയം നേടാന്‍ സാധിച്ചത്. നമ്മുടെ ഓര്‍മ പുറകോട്ടാണ്, എല്ലാം മറക്കും,” രോഹിത് വിമര്‍ശിച്ചു.
“പൂജാരയപ്പോലുള്ള താരങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഇത്രയും കാലത്തെ പ്രകടനങ്ങള്‍ കൂടി പരിഗണിക്കണം. കേവലം ഒന്നോ രണ്ടോ മത്സരങ്ങള്‍ക്കൊണ്ട് ആരാധകര്‍ വിലയിരുത്തരുത്. നിലവിലെ ഫോമിനെപ്പറ്റി മനസിലാകും. വര്‍ഷങ്ങളായി അദ്ദേഹം മികവ് പുലര്‍ത്തിയതു കൊണ്ടാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയരുന്നത്. പൂജരായുടെ ചരിത്രത്തെ മാനിക്കണം,” രോഹിത് കൂട്ടിച്ചേര്‍ത്തു.
“റണ്‍സ് സ്കോര്‍ ചെയ്യണമെന്ന തീരുമാനത്തോടെയാണ് പൂജാര ക്രീസിലെത്തിയത്. ഞങ്ങളുടെ ഇന്നിങ്സ് കേവലം അതിജീവനത്തിനായുള്ളതല്ല. റണ്‍സ് നേടുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. പൂജാര അത് തെളിയിച്ചു. ബാറ്റ് ചെയ്യാന്‍ ഒട്ടും അനുകൂലമായ സാഹചര്യമല്ല 300 റണ്‍സിന് പുറകിലായിരിക്കുമ്പോള്‍. പൂജാരയുടെ മനോഭാവവും കൂടിയാണ് തെളിഞ്ഞത്,” രോഹിത് വിശദീകരിച്ചു.
Also Read: ‘ഇതാണ് ഞങ്ങള്‍ക്കറിയാവുന്ന രോഹിത്’; അപ്പര്‍ കട്ടില്‍ വാചാലരായി ഗവാസ്കറും മഞ്ജരേക്കറും
The post ഒന്നോ രണ്ടോ മത്സരങ്ങള്‍ക്കൊണ്ട് വിലയിരുത്തരുത്; പൂജാരയ്ക്ക് പിന്തുണയുമായി രോഹിത് appeared first on Indian Express Malayalam.