വാട്സാപ്പിന്റെ വിവാദമായ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ട്. പുതിയ നയ വ്യവസ്ഥകൾ അംഗീകരിക്കാൻ ഉപഭോക്താക്കളെ വാട്സാപ്പ് നിർബന്ധിക്കില്ല. വാബീറ്റ ഇൻഫോ വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. പുതിയ വ്യവസ്ഥകൾ നിഷേധിക്കാൻ ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ടാവും. എന്നാൽ ഇതിൽ മറ്റ് ചില കാര്യങ്ങളുണ്ട്.
ഇന്ന് പല സേവനങ്ങളും വാണിജ്യാവശ്യങ്ങൾക്കായി വാട്സാപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പ്രത്യേകം ബിസിനസ് ആപ്പ് വാട്സാപ്പിനുണ്ട്. ഇത്തരം ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്‌യണമെങ്കിൽ ഉപഭോക്താവ് പുതിയ നയവ്യവസ്ഥകൾ പുനഃപരിശോധിച്ച് അംഗീകരിക്കേണ്ടതായി വരും.
ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്‌യാത്തവരെ പുതിയ പ്രൈവസി അപ്ഡേറ്റ് ബാധിക്കുകയില്ല.
വാട്സാപ്പ് ബിസിനസ് അക്കൗണ്ടുകളുമായി ഒരു ഉപഭോക്താവ് ചാറ്റ് ചെയ്‌യാൻ തുടങ്ങുമ്പോൾ തന്നെ വാട്സാപ്പ് പുതിയ നയ വ്യവസ്ഥകൾ അയാളെ കാണിക്കും. അത് അംഗീകരിച്ചാൽ മാത്രമേ ആ ചാറ്റ് ആരംഭിക്കാൻ ഉപഭോക്താവിന് സാധിക്കൂ.
അധികം വൈകാതെ തന്നെ വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റിനൊപ്പം ഈ സംവിധാനവും അവതരിപ്പിക്കുമെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്തു.
ഈ വർഷം ജനുവരിയിലാണ് വാട്സാപ്പ് പുതിയ നയവ്യവസ്ഥകൾ പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാത്തവർക്ക് വാട്സാപ്പ് സേവനം തുടർന്ന് ഉപയോഗിക്കാൻ സാധിക്കില്ലെന്ന നിബന്ധനയും വാട്സാപ്പ് മുന്നോട്ടുവെച്ചു. ഉപഭോക്താവിന്റെ വിവരങ്ങൾ ഫെയ്സ്ബുക്കിന്റെ മറ്റ് സേവനങ്ങളുമായി പങ്കുവെക്കും എന്നതുൾപ്പടെയുള്ള വ്യവസ്ഥകൾ അതിലുണ്ടായിരുന്നു.
ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുകയും. പകരം സംവിധാനങ്ങളിലേക്ക് ചേക്കേറാനുള്ള ആഹ്വാനം ഉപഭോക്താക്കളിൽ നിന്നുയരുകയും ചെയ്തതോടെയാണ് തീരുമാനം പുനഃപരിശോധിക്കാൻ വാട്സാപ്പ് തയ്‌യാറായത്.
content highlights: WhatsApp may not force you to accept new policy