ലോക്ക്ഡൗൺ കാലത്തും ഗൃഹാതുരത്വമുണർത്തുന്ന ഓണസദ്യയുടെ രുചിഭേദങ്ങൾ മലയാളികൾക്കായൊരുക്കുന്ന മെൽബണിലെ പ്രമുഖ റസ്റ്റോറന്റുകൾ എല്ലാം Sold Out പോസ്റ്ററുകൾ പതിപ്പിച്ചു. ഓസ്‌ട്രേലിയൻ പ്രവാസ ലോകത്തെ പ്രമുഖ അസോസിയേഷനുകളുടെ ഓണാഘോഷ പരിപാടികള്‍ക്ക് ഇത്തവണയും ഭംഗം വന്നതിനാൽ, ഓണസദ്യകൾക്കുള്ള ഓർഡറുകൾ മുൻ കാലങ്ങളെക്കാളും വളരെ കൂടുതലാണെന്ന് കാറ്ററിങ് രംഗത്തും , റെസ്റ്റോറന്റ് രംഗത്തും തനതായ മുദ്ര പതിപ്പിച്ചവരും, വേണാട് റെസ്റ്റോറന്റ് ഉടമസ്‌ഥരുമായ ലാലൂ ജോസഫ്, ബിജു ജോൺ എന്നിവർ ഓസ് മലയാളത്തോട് പറഞ്ഞു. പിതൃസഹോദരരുടെ മക്കളാണിരുവരും. മെൽബൺ നോർത്തിലും , സൗത്തിലും ആവശ്യക്കാർ ഏറെയായതിനാൽ 21 -)൦ തീയതിയിലേക്കുള്ള ഓണസദ്യക്കുള്ള ഓർഡറുകൾ ക്ലോസ് ചെയ്തു എന്നാണ് ലാലൂ ജോസഫ് പറഞ്ഞത്. ഓഗസ്റ്റ് 22 -ലേക്കുള്ള ഓർഡറുകൾക്കും ആവശ്യക്കാർ ഏറെയാണ്, എന്നിരുന്നാലും പരിധിക്കപ്പുറമായാൽ എപ്പോൾ വേണമെങ്കിലും അതും ക്ലോസ് ചെയ്‌തേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മെൽബൺ സൗത്തിൽ Celebration Catering & Restaurant ഉടമ ജോസ് സെബാസ്ട്യനും ഓഗസ്റ്റ് 21, 22 തീയതികളിലെ, തങ്ങളുടെ ഓണസദ്യക്കുള്ള ഓർഡറുകൾ വിറ്റുപോയെന്നും , ഇനി ആളുകളുടെ ആവശ്യപ്രകാരം പിന്നീടുള്ള തീയതികളിൽ വീണ്ടും ഓണസദ്യ ഒരുക്കേണ്ടി വരുമോ എന്ന് ആലോചിക്കുന്നുണ്ടെന്നും ഓസ് മലയാളത്തോട് പറഞ്ഞു.
ഡാണ്ടിനോങ്ങിൽ ഉള്ള റെഡ് ചില്ലീസ് കാറ്ററിംഗ് സർവ്വീസ് ഉടമയായ സിജോ കുരിയനും, തങ്ങളുടെ ഓണസദ്യയും വിചാരിച്ചതിലും നേരത്തേ SOLD OUT ആയതിലുള്ള ആശ്ചര്യം മറച്ചുവക്കുന്നില്ല. സ്‌ഥിരം കസ്റ്റമേഴ്‌സിനോടും NO പറയേണ്ടി വരുന്നത് വളരെ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള പരിഹാരമായിട്ടാണ് പിന്നീടുള്ള വീക്കെന്റിലും ഓണസദ്യ ഒരുക്കുന്നത് . എന്നാൽ അതും മിക്കവാറും, ഈ അടുത്ത ദിവസങ്ങളിൽ തന്നെ SOLD OUT ആകുമെന്നാണ് കരുതന്നതെന്ന് സിജോ പറഞ്ഞു.