തിരുവനന്തപുരം
കേരളം ലോകത്തിന് സംഭാവനചെയ്ത ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന് പ്രൗഢഗംഭീര തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷം ഉദ്ഘാടനം ചെയ്തു. കേരളം ഓൺലൈനായി ആഘോഷം വീക്ഷിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലും വിവിധ പരിപാടികളോടെ ഒരു വർഷത്തെ ആഘോഷത്തിന് തുടക്കം കുറിച്ചു. ഗോർക്കി ഭവനിലെ ഉദ്ഘാടന ചടങ്ങിൽ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനായി. സ്പീക്കർ എം ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി ആന്റണി രാജുവും സ്പീക്കറും നിർവഹിച്ചു.
മേയർ ആര്യാരാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ, സി പി ജോൺ, മുൻമന്ത്രി എ സി മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, ഡോ. ടി എം തോമസ് ഐസക്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ, ബിനോയ് ജോസഫ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു.