പോലീസ് വാഹനങ്ങൾ ഉൾപ്പടെ നിർത്തിയിട്ട അടിയന്തിര സേവന വാഹനങ്ങൾക്കുമേൽ ഇടിച്ചുകയറിയ സംഭവങ്ങളിൽ ടെസ്ലയുടെ ഓട്ടോ പൈലറ്റ് സംവിധാനത്തിനെതിരെ അന്വേഷണം. 11 ഓളം അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അപകടത്തിൽ പെട്ട ടെസ്ല കാറുകളിൽ ഓട്ടോ പൈലറ്റ് അഥവാ ട്രാഫിക് അവെയർ ക്രൂസ് കൺട്രോൾ ഫീച്ചർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഗതിമാറ്റുന്നതിനായി ഡ്രൈവർമാർക്ക് അറിയിപ്പ് നൽകുന്ന എമർജൻസി വെഹിക്കിൾ ലൈറ്റുകൾ, റോഡ് കോണുകൾ, ഇലുമിനേറ്റഡ് ആരോ ബോർഡുകൾ പോലുള്ളവ ഉണ്ടായിരുന്നിട്ടും ഭൂരിഭാഗം അപകടങ്ങളും ഉണ്ടായത് നേരം ഇരുട്ടിയതിന് ശേഷമാണ്.
ഇന്ന് ടെസ് ല വിപണിയിലിറക്കിയിട്ടുള്ള വിവിധ മോഡലുകളിൽ പെടുന്ന 7.65 ലക്ഷം കാറുകൾ അന്വേഷണ വിധേയമാവും.
2018 ജനുവരി മുതൽ 2021 ജൂലായ് വരെ നടന്ന 11 അപകടങ്ങളിലായി 17 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇത് ആദ്യമായല്ല നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ടെസ്ലയ്ക്കെതിരെ അന്വേഷണം നടത്തുന്നത്. 2016ലുണ്ടായ ഒരപകടവുമായി ബന്ധപ്പെട്ട 2017 ൽ കമ്പനിയ്ക്കെതിരെ നടന്ന അന്വേഷണത്തിൽ കമ്പനി നിരപരാധിയാണെന്ന് കണ്ടെത്തിയിരുന്നു. ടെസ്ലയുമായി ബന്ധമുള്ള 25 ഓളം വാഹനാപകടങ്ങളാണ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഇതുവരെ അന്വേഷിച്ചിട്ടുള്ളത്.