ചർച്ച നടത്തണമെങ്കിൽ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നുമാണ് ലീഗ് നേതൃത്വം വനിതാ നേതാക്കളെ അറിയിച്ചിരിക്കുന്നത്. പാർട്ടിയെ സമ്മർദ്ദത്തിലാക്കിയ ഹരിത നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സംഘടനയിൽ നേരിടേണ്ടിവന്ന ലൈംഗികാധിക്ഷേപം ചൂണ്ടിക്കാട്ടി എംഎസ്എഫിന്റെ പത്ത് നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പരാതി വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പോലീസിന് കൈമാറിയിരുന്നു. പിന്നാലെ പരാതിക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയുടെ മൊഴിയാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പിസി ഹരിദാസ് രേഖപ്പെടുത്തിയത്.
പ്രശ്നങ്ങൾ ഒത്തുതീർക്കാൻ പരാതി പിൻവലിക്കണമെന്ന് മുനവറലി ശിഹാബ് തങ്ങൾ ഹരിത നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലൈംഗികാധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്റ് പികെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിൻവലിക്കില്ലെന്നാണ് ഹരിത നേതാക്കൾ വ്യക്തമാക്കിയത്.