കുവൈറ്റ് > എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികത്തിന്റെയും ഭാഗമായി വനിതാവേദി കുവൈറ്റ് വെബിനാര്‍ സംഘടിപ്പിച്ചു. സംഘടനയുടെ ഇരുപത്തിയൊന്നാം പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും വെബിനാറിന്റെ ഭാഗമായി നടന്നു. കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എ ജി ഒലീന ‘സ്ത്രീ സ്വാതന്ത്ര്യം ഏഴര പതിറ്റാണ്ടില്‍ എത്തുമ്പോള്‍’എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാവേദി കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീത ജിതിന് പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ യൂണിറ്റുകളുടെ കലാപരിപാടികള്‍ അരങ്ങേറി. പ്രസിഡന്റ് സജിത സ്കറിയ അധ്യക്ഷയായി. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്കുമാര്‍, കലാ കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്, ജനറല്‍ സെക്രട്ടറി ആശ ബാലകൃഷ്ണന്, ട്രഷറര്‍ അഞ്ജന സജി എന്നിവര്‍ സംസാരിച്ചു.