ലണ്ടണ്‍: രോഹിത് ശര്‍മ, ടെസ്റ്റ് ക്രിക്കറ്റില്‍ വിദേശ പിച്ചുകളിലെ പ്രതികൂല സാഹചര്യത്തിലും മികവ് കാട്ടുന്ന താരം. എന്നാല്‍ കിട്ടിയ തുടക്കം രോഹിത് മുതലാക്കിയത് ചുരുക്കം മത്സരങ്ങളില്‍ മാത്രം. പലപ്പോഴും രണ്ട് മണിക്കൂറിലധികം ക്രീസില്‍ ചിലവഴിച്ചതിന് ശേഷം അര്‍ദ്ധ സെഞ്ചുറി പോലും നേടാനാകാതെ താരം മടങ്ങിയിട്ടുമുണ്ട്.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ലോര്‍ഡില്‍ രോഹിതിന്റെ സെഞ്ചുറി നഷ്ടമായത് കേവലം 17 റണ്‍സിനാണ്. ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്ത് രോഹിതിന് പ്രതിരോധിക്കാനായില്ല. രണ്ടാം ഇന്നിങ്സില്‍ 21 റണ്‍സില്‍ നില്‍ക്കെ മാര്‍ക്ക് വുഡിന്റെ പന്തില്‍ തന്റെ ഹുക്ക് ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്തായത്.
രോഹിതിന്റെ ബാറ്റിങ്ങിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ബാറ്റിങ് പരിശീലകന്‍ കൂടിയായ വിക്രം റാത്തോര്‍. രോഹിതിന്റെ തനതായ ശൈലിയില്‍ നിന്ന് വ്യതിചലിക്കാന്‍ ടീം ഒരിക്കലും ആവശ്യപ്പെടില്ല. എന്നാല്‍ ഷോട്ടുകള്‍ കളിക്കുമ്പോള്‍ കൂടുതല്‍ താരം കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് റാത്തോറിന്റെ അഭിപ്രായം.
“രോഹിത് ഹുക്ക് ഷോട്ട് കളിച്ചതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഷോട്ടിന് മുതിര്‍ന്നപ്പോഴുള്ള മാനസികാവസ്ഥ എന്തായിരുന്നു എന്നറിയണം. രോഹിതിനെ സംബന്ധിച്ചിടത്തോളം പുള്‍ ഷോട്ട് അദ്ദേഹത്തിന് ഒരുപാട് റണ്‍സ് നേടിക്കൊടുത്തിട്ടുണ്ട്. അതിനാല്‍ അയാള്‍ അവസരം കിട്ടുമ്പോള്‍ ഷോട്ടിന് ശ്രമിക്കും, ഞങ്ങള്‍ അതിനെ പൂര്‍ണമായും പിന്തുണയ്ക്കുകയാണ്,” റാത്തോര്‍ എ.എന്‍.ഐയോട് പറഞ്ഞു.
“ഒരേയൊരു കാര്യം, അയാൾ കുറച്ചുകൂടി സെലക്ടീവായിരിക്കണം, ഇതുമായി ബന്ധപ്പെട്ട് രോഹിതിന് ആശയവിനിമയം നടത്തണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ തയാറാണ്. കോഹ്ലിയുടെ പുറത്താകലിന് പിന്നില്‍ ഏകാഗ്രതക്കുറവായിരുന്നു. മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല,” റാത്തോര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: എല്ലാ പന്തിലും വിക്കറ്റെടുക്കുന്ന തരത്തിലായിരുന്നു അയാളുടെ പ്രകടനം: ഗവാസ്കര്‍
The post ‘ഷോട്ടുകൾ കളിക്കുമ്പോൾ കൂടുതൽ സെലക്ടീവായിരിക്കണം’, രോഹിതിനോട് ബാറ്റിങ് പരിശീലകന്‍ appeared first on Indian Express Malayalam.