പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഡിജിറ്റൽ ബിസിനസിലേക്ക് വൻതോതിൽ ചുവടുവെക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പല സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ബിസിനസ് കെട്ടിപ്പടുക്കാനായി, അദാനി ഡിജറ്റൽ ലാബ്സ് എന്ന പേരിൽ പുതിയ ഡിവിഷന് തുടക്കം കുറിച്ചിട്ടുണ്ട്.
80-ഓളം ജീവനക്കാരാണ് പ്രാരംഭഘട്ടത്തിൽ ഇതിൽ ജോലിചെയ്‌യുന്നത്. ഇവരുമായി കഴിഞ്ഞദിവസം ചെയർമാൻ ഗൗതം അദാനി ചർച്ച നടത്തി. ഡിജിറ്റൽ ലോകത്തിന്റെ ഫെരാരി നിർമിക്കണമെന്ന് അദ്ദേഹം ജീവനക്കാരോട് ആഹ്വാനം നടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഴുവൻ ഇന്ത്യക്കാർക്കുമുള്ള വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്ന ആപ്പ് ഡിസൈൻ ചെയ്‌യുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ സേവനങ്ങളും ഉത്‌പന്നങ്ങളും ഒരൊറ്റ കുടക്കീഴിൽ ഒരുക്കാനാണ് പദ്ധതി. ഡിജിറ്റൽ ലാബ്സ് വൻതോതിൽ നിയമനത്തിനൊരുങ്ങുകയാണ്. ഗ്രൂപ്പിന്റെ ചീഫ് ഡിജിറ്റൽ ഓഫീസറായി നിഥിൻ സേഥി ഈയിടെ നിയമിതനായി. ഗൗതം അദാനിയുടെ സഹോദര പുത്രൻ സാഗർ അദാനി, ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനി എന്നിവരാണ് ഡിജിറ്റൽ ബിസിനസിന് നേതൃത്വം നൽകുന്നത്.
എന്താണ് സൂപ്പർ ആപ്പ്?
പല സേവനങ്ങളും ഉത്‌പന്നങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ആപ്പിനെയാണ് സൂപ്പർ ആപ്പ് എന്നു വിശേഷിപ്പിക്കുന്നത്. ചൈനയിലെ വീ ചാറ്റിലൂടെ സന്ദേശങ്ങൾ കൈമാറുന്നതിനൊപ്പം, പണം കൈമാറാനും ടാക്സി ബുക്ക് ചെയ്‌യാനും ഉത്‌പന്നങ്ങൾ വാങ്ങാനും ഭക്ഷണം ഓർഡർ ചെയ്‌യാനുമൊക്കെ പറ്റും. ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പും ഇത്തരത്തിൽ സൂപ്പർ ആപ്പ് വികസിപ്പിച്ചുവരികയാണ്.
Content Highlights: Adani Group Develops Multi Purpose Super App For Online Services