ന്യൂഡൽഹി
ഡൽഹിയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ ഒരു വർഷംകൂടി വേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ് ഡൽഹി ദുരന്തനിവാരണ അതോറിറ്റിയെ (ഡിഡിഎംഎ) അറിയിച്ചു. ഡൽഹിയിൽ ഏകദേശം 1.5 കോടി പേർക്ക് വാക്സിൻ നൽകണം. ഇതിന് മൂന്ന് കോടി ഡോസ് ആവശ്യമാണ്. ആഗസ്ത് അഞ്ചുവരെ ഒരു കോടിയിലധികം ഡോസ് നൽകിയിട്ടുണ്ട്. രണ്ട് കോടി ഡോസ് ഇനിയും ആവശ്യമാണ്. ആഗസ്തിൽ 16.79 ലക്ഷം ഡോസ് മാത്രമാണ് കേന്ദ്രം അനുവദിച്ചത്. നിലവിലെ വാക്സിൻവിതരണ നിരക്കനുസരിച്ച് വാക്സിൻ കുത്തിവയ്പ് പൂർത്തിയാക്കാൻ ഒരു വർഷംകൂടി വേണ്ടിവരും. 50 ശതമാനത്തിലധികം പേർക്ക് ഒരുഡോസ് ലഭിച്ചു.
39,070 രോഗികൾ
രാജ്യത്ത് ഞായറാഴ്ച 39,070 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 491 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,27,862 ആയി. ഇതുവരെ 3,19,34,455, പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളവർ 4,06,822ആയി കുറഞ്ഞു. രോഗസ്ഥിരീകരണ നിരക്ക് 2.27 ശതമാനം. ഞായറാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കനുസരിച്ച് രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്. 50.68 കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു.