ന്യൂഡൽഹി
വോട്ടർപ്പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിന് ആധാർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ആധാർ ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ ) യെ സമീപിച്ചു. ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയം കഴിഞ്ഞവർഷം പുറത്തിറക്കിയ മാർഗനിർദേശം അനുസരിച്ചാണ് നടപടി.
വോട്ടർപ്പട്ടികയിലെ കുഴപ്പങ്ങൾ പരിഹരിക്കാൻ ആധാർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് അനുമതി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ 2019ൽ നിയമസെക്രട്ടറിക്ക് കത്ത് നൽകി. ഇതിന് ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും കമീഷൻ നിർദേശിച്ചു. ഇതിനോട് യോജിച്ച നിയമമന്ത്രാലയം ശുപാർശ മന്ത്രിസഭയുടെ അംഗീകാരത്തിനയച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതിനിടെയാണ് പുതിയ നീക്കം.