ന്യൂഡൽഹി
സംഘപരിവാറിന്റെ വ്യാജവാർത്തകൾ തുറന്നുകാട്ടുന്ന ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ വിദ്വേഷക്കുറ്റം ആരോപിച്ച് യുപി പൊലീസ് കേസെടുത്തു. സംഘപരിവാർ സന്യാസിയായ യതി നരസിംഹാനന്ദ് പ്രവാചകനെ നിന്ദിച്ച സംഭവത്തിൽ നടത്തിയ ട്വീറ്റുകൾ വിദ്വേഷപരമാണെന്ന് ആരോപിച്ചാണ് ഗാസിയാബാദിലെ വെബ് സിറ്റി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബിജെപി നേതാവ് ഉദിത ത്യാഗിയാണ് പരാതിക്കാരി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196, 228, 299, 356(3), 351(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
യതി നരസിംഹാനന്ദ് നടത്തിയ വിദ്വേഷപ്രസംഗത്തിന്റ വീഡിയോ സുബൈർ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും ഇത് നരസിംഹാനന്ദ് മുഖ്യപൂജാരിയായ ദസ്ന ദേവി ക്ഷേത്രത്തിന് മുന്നിലെ സംഘർഷത്തിലേക്ക് നയിച്ചെന്നും ബിജെപി നേതാവ് പരാതിയിൽ അവകാശപ്പെട്ടു.
പ്രതീക്ഷിച്ചതുപോലെ കേസ് എടുത്തിരിക്കുവെന്നാണ് സുബൈറിന്റെ ആദ്യ പ്രതികരണം. സുബെറിന് പുറമേ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, മുസ്ലീം പുരോഹിതൻ അർഷാദ് മദ്നി എന്നിവരും പ്രതികളാണ്. സുബൈറിനെതിരെ ഇതിന് മുമ്പും സമാന കുറ്റങ്ങൾ ആരോപിച്ച് യുപി പൊലീസ് കേസെടുത്തിട്ടുണ്ട്. 2022ൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത യുപി പൊലീസ് നടപടി നിയമവിരുദ്ധമെന്ന് കണ്ടെത്തി സുപ്രീംകോടതി സുബെറിനെ മോചിപ്പിച്ചു.
അതേസമയം വിദ്വേഷപ്രസംഗം നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും നരസിംഹാനന്ദിനെ യുപി പൊലീസ് സംരക്ഷിക്കുകയാണ്. വിദ്വേഷപ്രസംഗങ്ങളുടെ പേരിൽ കുപ്രസിദ്ധനായ ഇയാൾക്ക് പിന്തുണപ്രഖ്യാപിച്ച് തിങ്കളാഴ്ച ചില ഹിന്ദുത്വസംഘടനകൾ ഗാസിയാബാദിൽ പ്രകടനം നടത്തി.