ന്യൂഡല്ഹി
ഇന്ത്യ യുഎഇ സംയുക്ത നാവികാഭ്യാസം ശനിയാഴ്ച അബുദാബി തീരത്ത് നടന്നു. കഴിഞ്ഞയാഴ്ച ഒമാന് എണ്ണകപ്പല് ആക്രമിക്കപ്പെട്ട് രണ്ടുപേര് കൊല്ലപ്പെട്ടതിനെ തുടര്ന്ന് ഗള്ഫ് തീരമേഖലയില് സംഘര്ഷം നിലനില്ക്കെയാണ് നാവിക അഭ്യാസം. സയ്യദ് തല്വാര് എന്ന് പേരിട്ട പരിശീലനത്തില് ഇന്ത്യ, പേര്ഷ്യന് ഗള്ഫ് മേഖലയില് വിന്യസിച്ച ഐഎന്എസ് കൊച്ചി യുദ്ധകപ്പലും സീ കിങ് ഗണത്തില്പ്പെട്ട രണ്ട് കോപ്റ്ററും പങ്കെടുത്തു. മിസൈല് കവചിത യുദ്ധകപ്പലായ അല് ധാഫ്രയും പുത്തന് ശ്രേണി പാന്തര് ഹെലികോപ്റ്ററുമാണ് യുഎഇ അണിനിരത്തിയത്. ഒമാന് കപ്പല് ആക്രമിച്ചത് ഇറാന് ആണെന്നാണ് അമേരിക്കൻ സഖ്യത്തിന്റെ ആക്ഷേപം. ഇത് ഇറാന് നിഷേധിച്ചിട്ടുണ്ട്.