ശ്രീനഗര്‍
ജമ്മു കശ്മീരില് ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളും അനുബന്ധ ഓഫീസുകളും ഉള്പ്പെടെ 56 ഇടത്ത് എന്ഐഎ റെയ്ഡ് . തീവ്രവാദ സംഘടനകള്ക്ക് സാമ്പത്തികസഹായം നൽകുന്നതുമായിബന്ധപ്പെട്ട കേസിലാണ് റെയ്ഡെന്ന് എൻ ഐ എ അറിയിച്ചു.
ശ്രീനഗർ, ബുദ്ഗാം, ഗന്ദർബാൽ, ബാരാമുള്ള, കുപ്വാര, ബന്ദിപോർ, അനന്ത്നാഗ്, ഷോപിയാൻ, പുൽവാമ, കുൽഗാം, റംബാൻ, ദോഡ, കിഷ്ത്വാർ, രജൗരി ജില്ലകളിലാണ് സിആർപിഎഫിന്റെയും പ്രാദേശിക പൊലീസിന്റെയും സഹായത്തോടെയാണ് റെയ്ഡ് നടന്നത്. നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില് ചേര്ന്ന ഉന്നതലയോഗത്തിനുശേഷം 2019 ആഗസ്തിൽ ജമാഅത്തെ ഇസ്ലാമിയെ അഞ്ച് വര്ഷത്തേക്ക് നിരോധിച്ച് ഉത്തരവായിരുന്നു. തുടർന്ന് രണ്ട് വര്ഷത്തിനിടെ നൂറുകണക്കിന് പ്രവര്ത്തകര് അറസ്റ്റിലായിട്ടുണ്ട്. നിരോധിച്ചശേഷവും സംഘടനയുടെ സ്വാധീനം വര്ധിച്ചുവരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. ഇതിനുപിന്നാലെ നിയന്ത്രണവും പരിശോധനയും കര്ശനമാക്കാന് ആഭ്യന്തര മന്ത്രി അമിത് ഷാ നിര്ദേശം നല്കിയിരുന്നു. കഴിഞ്ഞ മാസം ഭീകരര്ക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് പത്ത് പേരെ അറസ്റ്റ് ചെയ്തു.