കോഴിക്കോട്
മുസ്ലിം ലീഗിൽ തലമുറമാറ്റത്തിനും പുതിയ നേതൃത്വത്തിനുമായുള്ള നീക്കം സജീവം. പാണക്കാട് മുഈൻ അലി തങ്ങൾക്കെതിരെ അച്ചടക്ക നടപടി എടുപ്പിക്കാനാവാതെ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടതോടെ നേതാക്കളിൽ ഒരുവിഭാഗം കരുക്കൾ ശക്തമാക്കി. സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുൾപ്പെടെയുള്ളവർ പുതിയ സംഭവവികാസങ്ങളിൽ പങ്കിടുന്ന ആഹ്ലാദം ഇതിന്റെ ഭാഗമാണ്. സംസ്ഥാന ഭാരവാഹി യോഗത്തിൽ തുടങ്ങിയ വിമർശങ്ങൾ ഏശുന്നതിന്റെ ആദ്യഫലമാണ് മലപ്പുറത്തുണ്ടായതെന്നാണ് ഇവരുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാനുള്ള പത്തംഗ സമിതിവഴിയാകും അടുത്ത നീക്കം.
രാജിഭീഷണിയും
ഏശിയില്ല
മൂന്നരപ്പതിറ്റാണ്ടോളമായി കുഞ്ഞാലിക്കുട്ടിക്ക് ചുറ്റും കറങ്ങുന്ന ലീഗ് രാഷ്ട്രീയം അസ്തമിക്കുന്നു. ശനിയാഴ്ച മലപ്പുറത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗം ഇതിന്റെ സൂചനയായാണ് ലീഗിലെ പ്രമുഖർ വിലയിരുത്തുന്നത്. മുഈൻ അലി തങ്ങൾക്കെതിരെ നടപടിക്കായി കുഞ്ഞാലിക്കുട്ടിക്കൊപ്പം വാദിക്കാൻ ജനറൽ സെക്രട്ടറി പി എം എ സലാം മാത്രമേ ഉണ്ടായുള്ളൂ. നേതൃത്വം വിടുമെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി രാജിഭീഷണിയും മുഴക്കി. എന്നും കൂടെ ഉറച്ചുനിന്ന കെ പി എ മജീദടക്കം കൈവിട്ടു. പാണക്കാട് കുടുംബത്തിൽ നിന്ന് പങ്കെടുത്ത ബഷീറലിയും റഷീദലിയും നടപടി പാടില്ലെന്ന് പറഞ്ഞു. അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ, വൈസ് പ്രസിഡന്റ് എം പി അബ്ദുൾ സമദ് സമദാനി, പി വി അബ്ദുൾ വഹാബ് എന്നിവരോട് യോഗത്തിനു മുമ്പ് കെ എം ഷാജി, പി എം സാദിഖലി എന്നിവരെല്ലാം നടപടിയെടുക്കുന്നതിൽ വിപൽസൂചന കൈമാറിയിരുന്നു. തീരുമാനം ഹൈദരലി തങ്ങൾക്ക് വിടാം എന്ന തന്ത്രപരമായ നിലപാടിലൂടെ ഇ ടി മുഹമ്മദ് ബഷീറാണ് കുഞ്ഞാലിക്കുട്ടിയുടെ മുഖം രക്ഷിച്ചത്. ചന്ദ്രികയുമായി ബന്ധപ്പെട്ട ചില നടപടികളും ഉന്നതാധികാര സമിതിയിലുണ്ടായി. അവയും കുഞ്ഞാലിക്കുട്ടിക്കെതിരായ ആക്ഷേപം ശരിവയ്ക്കുന്നതാണ്.
വ്യക്തിയല്ല; പ്രസ്ഥാനമാണ്
പ്രധാനമെന്ന് മുനീർ
മുസ്ലിം ലീഗിൽ ഇപ്പോൾ ഉയർന്നുവന്ന ചർച്ചകൾ പാർടിക്ക് ഗുണം ചെയ്യുമെന്ന് എം കെ മുനീർ എംഎൽഎ. വ്യക്തിയല്ല പ്രസ്ഥാനമാണ് പ്രധാനമെന്നതാണ് ഉന്നതാധികാര സമിതി യോഗ തീരുമാനം വ്യക്തമാക്കുന്നത്. യോഗത്തിൽ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടുവെന്ന വാർത്ത നിഷേധിക്കാതെയായിരുന്നു മുനീറിന്റെ പ്രതികരണം. പാർടിയിൽ ജനാധിപത്യത്തിന് പോറലേറ്റിട്ടില്ല. ചന്ദ്രികയിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടിയെടുക്കുമെന്നും മുനീർ വാർത്താലേഖകരോട് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ല: കെ പി എ മജീദ്
മുസ്ലിംലീഗിനെ താറടിക്കാനുള്ള ശ്രമം കുറച്ചു ദിവസങ്ങളായി നടക്കുന്നുണ്ടെന്ന് ഉന്നതാധികാര സമിതി അംഗം കെ പി എ മജീദ് എംഎൽഎ.
ശനിയാഴ്ചത്തെ യോഗവുമായി ബന്ധപ്പെട്ട വാർത്തകൾ വസ്തുതാവിരുദ്ധമാണ്. കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ല. മുഈൻ അലി തങ്ങളുടെ നടപടി തെറ്റായെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. മറ്റ് രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തില്ല. എല്ലാവരും അഭിപ്രായം പറഞ്ഞതുകൊണ്ടാണ് യോഗം നീണ്ടതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാഫിയാക്കാലം കഴിഞ്ഞെന്ന്
എറണാകുളം ജില്ലാ പ്രസിഡന്റ്
പി കെ കുഞ്ഞാലിക്കുട്ടിയും അനുയായികളും മുസ്ലിംലീഗിനെ തകർക്കുകയാണെന്ന നിലപാട് ആവർത്തിച്ച് എറണാകുളം ജില്ലാ കമ്മിറ്റി.
ലീഗിൽ ഇനി മാഫിയകൾക്ക് സ്ഥാനമുണ്ടാകില്ലെന്ന് ജില്ലാ കമ്മിറ്റിയിലെ അഹമ്മദ് കബീർ വിഭാഗം നേതാവായ ജില്ലാ പ്രസിഡന്റ് കെ എം അബ്ദുൾ മജീദ് പറഞ്ഞു.
ഇപ്പോൾ നടക്കുന്ന ചർച്ചകൾ പാർടിയെ മോശമായ അവസ്ഥയിൽനിന്ന് മോചിപ്പിക്കുമെന്നാണ് പ്രതീക്ഷ. സമ്പത്തും അധികാരവുംകൊണ്ട് എറണാകുളത്തും സംഘടനയെ ചിലർ ഹൈജാക്ക് ചെയ്തു. 30 വർഷമായി ജനാധിപത്യശൈലി ഇല്ല. അത് തിരിച്ചുവരും. പാർടി ശരിയായരീതിയിൽ പോകുമ്പോൾ അത് ഉൾക്കൊള്ളാൻ കഴിയാത്തവർ പുറത്തുപോകും.
കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തരായ വി കെ ഇബ്രാഹിംകുഞ്ഞും മകൻ വി ഇ ഗഫൂറും നേതൃത്വം നൽകുന്ന വിഭാഗത്തിനെതിര ശക്തമായ നിലപാട് എടുക്കുന്ന അഹമ്മദ് കബീർ വിഭാഗത്തിനാണ് എറണാകുളം ജില്ലാകമ്മിറ്റിയിൽ ഭൂരിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരിയിൽ ഗഫൂറിനെ സ്ഥാനാർഥിയാക്കിയത് പരസ്യമായ പ്രതിഷേധത്തിന് ഇടയാക്കി. പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായ ഇബ്രാഹിംകുഞ്ഞിനുപകരം കളമശേരിയിൽ അഹമ്മദ് കബീറിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടത്. ഇത് കുഞ്ഞാലിക്കുട്ടി അട്ടിമറിക്കുകയായിരുന്നു.