ന്യൂഡൽഹി > കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന പേരിൽ ഉത്തർപ്രദേശിൽ ആയിരക്കണക്കിന് ജീവനക്കാരുടെയും അധ്യാപകരുടെയും ജൂലൈയിലെ ശമ്പളം സർക്കാർ തടഞ്ഞുവച്ചു. ആഗ്രയിൽമാത്രം പതിനായിരത്തോളം അധ്യാപകർക്ക് ശമ്പളം കിട്ടിയില്ല. ലക്ഷ്മിപുർ ജില്ലയിലും ശമ്പളം മുടങ്ങി. അടിസ്ഥാന വിദ്യാഭ്യാസ ഡയറക്ടർ ബ്രജ്രാജ് സിങ് ജൂലൈ നാലിന് ഇറക്കിയ ഉത്തരവുപ്രകാരമാണ് ശമ്പളം തടഞ്ഞത്. വാക്സിൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവര്ക്കുമാത്രം ശമ്പളം നൽകിയാൽ മതിയെന്നും ജില്ലാ ട്രഷറികൾക്ക് നിർദേശം നൽകി.
വാക്സിൻ എടുത്തവർക്കുപോലും വെബ്സൈറ്റിലെ തകരാർകാരണം സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നും സര്ക്കാര് ഉത്തരവ് ഏകപക്ഷീയമെന്നും അധ്യാപക നേതാക്കൾ ചൂണ്ടിക്കാട്ടി. ആഗ്ര ജില്ലാ മജിസ്ട്രേട്ടിന്റെ ഓഫീസിനു മുന്നിൽ അധ്യാപകർ പ്രതിഷേധിച്ചു.
എല്ലാ അധ്യാപകർക്കും വാക്സിൻ ലഭ്യമാക്കണമെന്ന ആവശ്യം ചെവിക്കൊള്ളാത്ത ആദിത്യനാഥ് സർക്കാരാണ് അന്യായമായ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് പ്രൈമറി സ്കൂൾ അധ്യാപകരുടെ സംഘടനയായ ആർഎസ്എമ്മിന്റെ വക്താവ് വീരേന്ദ്ര മിശ്ര പറഞ്ഞു. വാക്സിനുമില്ല, ശമ്പളവുമില്ല എന്നതാണ് സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു.