തിരുവനന്തപുരം > യുഡിഎഫ് കൺവീനറായി എം എം ഹസ്സൻ തുടരട്ടെയെന്ന് തീരുമാനിച്ചതോടെ കെ മുരളീധരനെ ഒതുക്കാൻ കെ സുധാകരനും വി ഡി സതീശനും നടത്തിയ നീക്കം ഫലംകണ്ടു. കൺവീനർ സ്ഥാനം മോഹിച്ച കെ മുരളീധരനെ പ്രചാരണസമിതി അധ്യക്ഷനായി നിയമിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തെ നിയമിച്ചിരുന്നതാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഹസ്സൻ കൺവീനറായി നിയമിതനായത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും മാറ്റിയപ്പോൾ കൺവീനറെയും മാറ്റുമെന്നാണ് പറഞ്ഞത്.
പകരം കെ മുരളീധരൻനിയമിക്കപ്പെടുമെന്നാണ് കരുതിയതെങ്കിലും ആ നീക്കത്തെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും യോജിച്ച് എതിർത്തു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഹസനെ അനുകൂലിച്ചു. ഘടകകക്ഷികളും എതിർത്തില്ല. മുതിർന്ന നേതാക്കളോടും എംപിമാരോടും സംസാരിച്ചശേഷം എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവർ ഹസ്സൻ തുടരട്ടെയെന്ന് ഹൈക്കമാൻഡിന് കത്ത് നൽകി.