ന്യൂഡൽഹി > രാജ്യതലസ്ഥാനമേഖലയിൽ ഒമ്പത് മാസമായി കര്‍ഷകര്‍ തുടരുന്ന പ്രക്ഷോഭം രാഷ്ട്രീയപിന്തുണ വിപുലമാക്കി കരുത്താര്‍ജിക്കുന്നു. മൂന്ന് കാർഷികനിയമവും പിൻവലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം ഏറ്റെടുത്ത് പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടായി രംഗത്ത്. പുത്തന്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. സഭയില്‍ പെഗാസസ് ചാരവൃത്തിയും ഉയര്‍ത്തുന്നുണ്ടെങ്കിലും ഏറ്റവും ജീവത്തായ വിഷയം കര്ഷകപ്രക്ഷോഭമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷനേതാക്കൾഒന്നടങ്കം പാർലമെന്റിൽനിന്ന് പ്രകടനമായി ജന്തർ മന്ദറിലെ കർഷകപാർലമെന്റ് വേദിയിലേക്ക് എത്തിയത് വൻരാഷ്ട്രീയ മാറ്റമായി.
ഇടതുപക്ഷം മാത്രമാണ് കർഷകപ്രക്ഷോഭത്തിന് തുടക്കംമുതൽ പിന്തുണ നല്‍കിയത്. “പഞ്ചാബ് കർഷകരുടെമാത്രം സമരവും ദേശവിരുദ്ധരുടെ പ്രക്ഷോഭവും’ ആയി മുന്നേറ്റത്തെ അപകീർത്തിപ്പെടുത്താനുള്ള മോഡിസർക്കാര്‍ ശ്രമം പൊളിച്ചത് ഇടതുപക്ഷമാണ്. വിവിധ സംസ്ഥാനത്തെ കർഷകരെ ഡൽഹിയിൽ എത്തിക്കാനും പ്രക്ഷോഭത്തിന് ദിശാബോധം നല്‍കാനും മുഖ്യ പങ്കുവഹിച്ചു. മൂന്ന് കാർഷികനിയമവും പിൻവലിക്കണമെന്ന ആവശ്യത്തിൽ പ്രക്ഷോഭക ഉറച്ചുനിന്നത് മോഡിസർക്കാരിന് കടുത്ത വെല്ലുവിളിയായി.
തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനത്തും ബിജെപിക്ക് തിരിച്ചടിയേറ്റതില്‍ കർഷകപ്രക്ഷോഭത്തിന് വലിയ പങ്കുണ്ട്. എല്ലാ പ്രതിപക്ഷകക്ഷികളും കർഷകമുദ്രാവാക്യം ഏറ്റെടുക്കാന്‍ സന്നദ്ധമായതും അതോടെ. അടുത്തവര്‍ഷത്തെ യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കർഷകപ്രക്ഷോഭം മുഖ്യവിഷയമാകും. പഞ്ചാബിലും പശ്ചിമ ഉത്തർപ്രദേശിലും ബിജെപി കർഷകരിൽനിന്ന് പൂർണമായി ഒറ്റപ്പെട്ടു. പ്രക്ഷോഭം നീളുന്നത് ബിജെപിയെ വീര്‍പ്പുമുട്ടിക്കുകയാണ്.