ന്യൂഡൽഹി > ഖേൽരത്നയിൽനിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കിയതോടെ അഹമ്മദാബാദ് മോഡി സ്റ്റേഡിയത്തിന്റെ പേരും മാറ്റുമോ എന്ന ചോദ്യമുയരുന്നു. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ പടം മാറ്റരുതോയെന്ന ചോദ്യവും സാമൂഹ്യ മാധ്യമങ്ങളിൽ വൈറല്‍.
അഹമ്മദാബാദ് മൊദേരയിലെ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മോഡിയുടെ പേരിട്ടത് ഫെബ്രുവരിയില്‍. സർദാർ പട്ടേൽ സ്റ്റേഡിയം നവീകരിച്ച് പേര് മാറ്റിയതിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ എന്നിവരും പങ്കെടുത്തു. കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകാന് സ്റ്റേഡിയത്തിന് ക്രിക്കറ്റ് താരത്തിന്റെ പേര് നല്കേണ്ടതല്ലേ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഡൽഹി ക്രിക്കറ്റ് സ്റ്റേഡിയത്തിന് അരുൺ ജെയ്റ്റ്ലിയുടെ പേര് നൽകിയതും ചർച്ചയാകുന്നു.
കായികപ്രതിഭകൾക്ക് രാഷ്ട്രത്തിന്റെ ഏറ്റവും ഉയർന്ന പുരസ്കാരമാണ് 1991 മുതൽ നൽകിവന്ന രാജീവ്ഗാന്ധി ഖേൽരത്ന. ടോക്യോ ഒളിമ്പിക്സിൽ ഹോക്കി ടീമുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് പുരസ്കാരത്തിന് ധ്യാന്‍ചന്ദിന്റെ പേരുനല്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.