ന്യൂഡൽഹി > കുംഭമേളക്കാലത്ത് വ്യാജ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നൽകിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മെഡിക്കൽ ലാബുകൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ കരാർ നൽകിയ ലാബുകളാണ് ഗുരുതര തട്ടിപ്പ് നടത്തിയത്. കേസിൽ ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി. വ്യാജ ബില്ലുകളും രേഖകളും 30 ലക്ഷം രൂപയും പിടിച്ചെടുത്തു.
ആദ്യ ഗഡുവായി ഉത്തരാഖണ്ഡ് സർക്കാർ 3.4 കോടി രൂപയാണ് ലാബുകൾക്ക് നൽകിയത്. പരിശോധന നടത്താതെ വ്യാപകമായി നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയായിരുന്നു തട്ടിപ്പ്. ഇതുകാരണം ഏപ്രിലിൽ ഹരിദ്വാറിലെ രോഗസ്ഥിരീകരണ നിരക്ക് 0.18 ശതമാനം മാത്രമായിരുന്നു. എന്നാൽ, യഥാർഥ ടിപിആർ ഇതിലും വളരെ ഉയർന്നതായിരുന്നു.