ശ്രീനഗർ
ജമ്മു കശ്മീരിന് 370–-ാം അനുച്ഛേദപ്രകാരം നൽകിയ പ്രത്യേക പദവി റദ്ദാക്കിയതിന്റെ രണ്ടാം വാർഷികത്തിൽ കശ്മിരിലെങ്ങും പ്രതിഷേധം. ശ്രീനഗറിൽ ഭൂരിപക്ഷം കടയും അടഞ്ഞുകിടന്നു. പണിമുടക്ക് പ്രഖ്യാപനമില്ലാതെയാണ് കടകൾ അടച്ചിട്ടത്. കടകൾ ബലംപ്രയോഗിച്ച് തുറക്കാൻ പൊലീസ് പലയിടത്തും ശ്രമിച്ചു. പിഡിപിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. കറുത്ത ബാഡ്ജ് ധരിച്ച് നിരവധിപേർ പങ്കെടുത്തു. കശ്മീരിനെ സംബന്ധിച്ച് ദുഃഖദിനമാണെന്ന് പിഡിപി പ്രസ്താവനയിൽ പറഞ്ഞു.ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ സാഹചര്യം ആശങ്കാജനകമാണെന്ന് ഗുപ്കാർ സഖ്യം പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുംവരെ പ്രതിഷേധം തുടരുമെന്ന് സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ഗുപ്കാർ വക്താവുമായ മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു.