ന്യൂഡൽഹി
പെഗാസസ് ഫോണ് ചോര്ത്തലില് സുപ്രീംകോടതി ഇടപെടൽ പാർലമെന്റിൽ നിഷേധ നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി. ഹർജികളുടെ പകർപ്പ് കേന്ദ്രത്തിന് കൈമാറാൻ കോടതി നിർദേശിച്ചതോടെ ഇക്കാര്യത്തില് വിശദീകരണം നൽകാൻ മോഡി സർക്കാർ നിർബന്ധിതമാകും. നിയമപരമല്ലാത്ത ചോർത്തൽ സാധ്യമല്ലെന്ന ഒഴുക്കൻ മറുപടിയുമായി തടിതപ്പാൻ കേന്ദ്രത്തിനാകില്ല.
ഹര്ജി പരിഗണിക്കവെ കോടതിയില് കേന്ദ്ര സര്ക്കാരിനുവേണ്ടി ആരും എത്താതിരുന്നത് വിഷയം പരമാവധി നീട്ടാന് വേണ്ടി. ചൊവ്വാഴ്ച ഹർജി പരിഗണിക്കുമ്പോള് കേന്ദ്രത്തിന് കൂടുതൽ സമയം തേടാനാകും. വിശദീകരണം തൃപ്തികരമല്ലെങ്കില് കോടതി മേൽനോട്ടത്തില് അന്വേഷണത്തിലേക്ക് കാര്യങ്ങൾ നീങ്ങാം. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് ഹര്ജിക്കാര്ക്കായി ഹാജരാകുന്നത്.
വ്യക്തി സ്വകാര്യതയെന്നത് ഭരണഘടനാപരമായ മൗലികാവകാശമാണെന്ന പുട്ടസ്വാമി കേസിലെ സുപ്രീംകോടതി വിധിയാണ് ഹർജിക്കാർ ആധാരമാക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് മാത്രമാണ് ഇന്ത്യയിൽ നിയമപരമായ ചോർത്തൽ അനുവദനീയമായത്. സർക്കാരുകൾക്കു മാത്രമാണ് പെഗാസസ് നൽകിയതെന്ന് നിർമാതാക്കളായ എൻഎസ്ഒ വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. സർക്കാർ എന്നത് കേന്ദ്രമോ സംസ്ഥാനമോ ആകാമെന്ന് ചീഫ്ജസ്റ്റിസ് പ്രതികരിച്ചു. ആരായാലും സമഗ്രാന്വേഷണമാണ് വേണ്ടതെന്ന് കപിൽ സിബൽ പറഞ്ഞു.
നിയമവിരുദ്ധമായ ചോർത്തൽ തന്റെ അറിവിൽ ഇല്ലെന്ന് 2019ൽ പാർലമെന്റിൽ അന്നത്തെ ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത് ജോൺ ബ്രിട്ടാസിനായി ഹാജരായ മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ചോർത്തൽ നടന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കയാണ്. ഇത് ഭരണഘടനാവിരുദ്ധമാണ്. അന്വേഷണം അനിവാര്യമാണ്–- അറോറ പറഞ്ഞു.