തെഹ്റാൻ
ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്റായി അധികാരമേറ്റു. രാഷ്ട്രീയസാഹചര്യവും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധവും അതീവ സംഘർഷം നിറഞ്ഞ സാഹചര്യത്തിലാണ് അമേരിക്കൻ ഉപരോധത്തിന് അറുതി വരുത്തുമെന്ന വാഗ്ദാനവുമായി റെയ്സി (60) ഭരണമേറ്റത്. വ്യാഴാഴ്ച വൈകിട്ട് ഇറാൻ പാർലമെന്റിൽ നടന്ന സ്ഥാനാരോഹണത്തിൽ ഇറാഖ്, അഫ്ഗാൻ പ്രസിഡന്റുമാരുൾപ്പെടെ നിരവധി ലോകനേതാക്കൾ പങ്കെടുത്തു. ഇന്ത്യയിൽനിന്ന് വിദേശമന്ത്രി എസ് ജയശങ്കർ പങ്കെടുത്തു.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്കൂടിയായ റെയ്സി പ്രസിഡന്റായി അധികാരമേറ്റതോടെ ഭരണത്തിന്റെ എല്ലാ തലത്തിലും യാഥാസ്ഥിതികരുടെ സമഗ്രാധിപത്യം ഉറപ്പായി. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ ഉറച്ച പിന്തുണയുമുണ്ട്. കടുത്ത പാശ്ചാത്യവിരുദ്ധനാണ്. എല്ലാ ഉപരോധവും നീക്കണമെന്നും ഇതിന് നയതന്ത്ര നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും അരമണിക്കൂർ നീണ്ട സ്ഥാനാരോഹണ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വലതുകൈ ഖുറാനിൽവച്ച്, ഷിയാ വിശ്വാസം പ്രതിഫലിപ്പിക്കുന്ന കറുത്ത ശിരോവസ്ത്രം ധരിച്ചായിരുന്നു സത്യപ്രതിജ്ഞ. അതേസമയം, അയൽ സുന്നിരാഷ്ട്രം സൗദി അറേബ്യയുമായി ബന്ധം മെച്ചപ്പെടുത്തുമെന്ന സൂചനയും നൽകി.
വിയന്നയിലെ ആണവ ചർച്ചകൾ ഏകോപിപ്പിച്ച യൂറോപ്യൻ യൂണിയൻ പ്രതിനിധി എൻറിഖ് മോറ ഉൾപ്പെടെ എഴുപതിൽപരം രാജ്യത്തുനിന്ന് പ്രതിനിധികൾ ചടങ്ങിനെത്തി.