ന്യൂഡൽഹി
കർഷകരുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും നിയമപരമായി മിനിമം താങ്ങുവില(എംഎസ്പി ) ഉറപ്പാക്കുന്ന ബില് കേന്ദ്ര സർക്കാർ അടിയന്തരമായി പാർലമെന്റിൽ കൊണ്ടുവരണമെന്ന് കർഷക പാർലമെന്റ് ആവശ്യപ്പെട്ടു.
എംഎസ്പി നിയമപരമാക്കുന്നതിനൊപ്പം സ്വാമിനാഥൻ കമീഷൻ മുന്നോട്ടുവച്ച എല്ലാ ശുപാർശയും കേന്ദ്രം അംഗീകരിക്കണമെന്ന് കർഷക പാർലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് കിസാൻസഭയുടെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് കർഷകർ ഡൽഹിയിലെത്തി.
കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്, കിസാൻസഭ ജോ. സെക്രട്ടറി വിജൂ കൃഷ്ണൻ, രാജ്യസഭാംഗവും കർഷകത്തൊഴിലാളി യൂണിയൻ ജോ. സെക്രട്ടറിയുമായ വി ശിവദാസൻ എന്നിവർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകരെ സ്വീകരിച്ചു. പാർലമെന്റിലേക്ക് മാർച്ച് നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള സംഘം പിന്നീട് സിന്ഘുസമരകേന്ദ്രത്തിലെത്തി.