ന്യൂഡൽഹി
രാജ്യത്ത് എട്ടുവർഷത്തിനിടയിൽ ദാരിദ്ര്യം വർധിച്ചു. രാജ്യത്ത് ദാരിദ്ര്യനിർണയം ആരംഭിച്ചശേഷം ആദ്യമായാണ് വർധന. ദാരിദ്ര്യ നിർമാർജനത്തിൽ അതുവരെ കൈവരിച്ച നേട്ടം പോലും മോഡി സർക്കാർ ഇല്ലാതാക്കി. 1973 മുതൽ 2012വരെ കുറഞ്ഞുവന്ന ദാരിദ്ര്യത്തിന്റെ തോത് ഇപ്പോൾ ഉയരുകയാണ്. അത് മറയ്ക്കാൻ ദേശീയ സാമ്പിൾ സർവേ റിപ്പോർട്ട് മോഡി സർക്കാർ പൂഴ്ത്തി. ഏഴുകോടിയോളം പേരെയാണ് ബിജെപി ഭരണം ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടത്.
ഗ്രാമങ്ങളിലാണ് ദാരിദ്ര്യം കൂടുതൽ; 2012ലെ 21.7 കോടിയിൽനിന്ന് ദരിദ്രരുടെ എണ്ണം 2019-–-20ൽ 27 കോടിയായി. നഗരങ്ങളിലേത് 5.3 കോടിയിൽനിന്ന് 7.1 കോടിയായി. 1973നും 1993നുമിടയിൽ ജനസംഖ്യ ഗണ്യമായി വർധിച്ചിട്ടും ദരിദ്രരുടെ എണ്ണം കൂടിയിരുന്നില്ല. 1993നും 2004നുമിടയിൽ 32 കോടിയിൽ നിന്ന് 30.2 കോടിയായി കുറഞ്ഞു. 2004–-05നും 2011–-12നുമിടയിൽ 13.3 കോടിയോളം കുറഞ്ഞു. അതായത്, പ്രതിവർഷം 1.9 കോടിയോളംപേർ ദാരിദ്ര്യത്തിൽ നിന്ന് കരകയറി.2011–-12ന് ശേഷം ഉപഭോഗ ചെലവ് സർവേ (സിഇഎസ്) വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അഞ്ചുവർഷം കൂടുമ്പോൾ നടത്തുന്ന സർവേ 2017–-18ൽ ഒരു വർഷം വൈകിയാണ് നടത്തിയത്. ഇതിന്റെ വിവരങ്ങളും മോഡി സർക്കാർ പൂഴ്ത്തി. അഞ്ചുവർഷം പൂർത്തിയാക്കുംമുമ്പ് 2021–-22ൽ പുതിയ സർവേ നടത്താനാണ് നീക്കം. മോഡി സർക്കാരിന്റെ ഭരണ പരാജയം കോവിഡ് കാരണമാണെന്ന് വരുത്തിത്തീർക്കാനാണിത്. എന്നാൽ, കോവിഡിനുമുമ്പുള്ള ഒമ്പത് ത്രൈമാസത്തിലും സമ്പദ്വ്യവസ്ഥ തകർച്ച നേരിട്ടിരുന്നു.
തലതിരിഞ്ഞ നയങ്ങൾ
തിരിച്ചടിയായി
വളർച്ചയിലായിരുന്ന സമ്പദ്വ്യവസ്ഥയെ നോട്ട് നിരോധനം, ജിഎസ്ടി എന്നിവ തകർത്തു. നോട്ട് നിരോധനം നടപ്പാക്കിയ 2016മുതൽ സാമ്പത്തിക വളർച്ചാ നിരക്ക് കുറഞ്ഞുവന്നു. ഇത് പാരമ്യത്തിലെത്തിയ 2020ൽ കോവിഡിനെ പഴിചാരി രക്ഷപ്പെടാനായിരുന്നു സർക്കാർ ശ്രമം. സർക്കാർ നടപടി അസംഘടിത മേഖലയെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും തകർത്തു. സാമ്പത്തിക പ്രതിസന്ധിമൂലം പൊതുചെലവുകൾ നിയന്ത്രിക്കപ്പെട്ടു. സ്വകാര്യ നിക്ഷേപവും കുറഞ്ഞു. തൊഴിലില്ലായ്മ 45വർഷത്തെ ഏറ്റവും മോശം സ്ഥിതിയിലെത്തി. 2012–-18നിടെ 19–-29 പ്രായക്കാരിലെ തൊഴിൽരഹിതർ ആറിൽനിന്ന് 18ശതമാനമായി ഉയർന്നു.