പാലാ> ആവാസമേഖല വിട്ടിറങ്ങിയ അപൂര്വയിനം മുള്ളെലിയെ നാട്ടിന് പുറത്തെ തുറസായ പുരയിടത്തില് കണ്ടെത്തി. പ്രത്യേകതരം വാലും വലിയ കണ്ണുകളും സാധാരണയിലും വലിപ്പമേറിയ പിന്കാലുകളോടും കൂടിയ മുള്ളെലി കൗതുക കാഴ്ച പകര്ന്ന് മരപ്പൊത്തിലൊളിച്ചു. വിളക്കുമാടം കീരംചിറ ജോണിയുടെ വീട്ടുപരിസരത്താണ് വ്യാഴാഴ്ച വൈകിട്ട് ഏറെ പ്രത്യേകതകളുള്ള മുള്ളെലിയെ കണ്ടെത്തിയത്.
മലബാര് സ്പൈനി മൗസ് എന്നറിയപ്പെടുന്ന മുള്ളലികള് ഏറെ സവിശേഷതകളോടുകൂടിയ ചുണ്ടെലിവര്ഗത്തില്പ്പെട്ട ഇനമാണ്. കേരളത്തില് അപൂര്വമായി കാണപ്പെടുന്ന
ഇവ സാധാരണ പശ്ചിമഘട്ടങ്ങളിലെ വന മേഖലകളിലാണ് കാണപ്പെട്ടുവരുന്നത്. പ്രത്യേകതരം വാലോട് കൂടിയ ഇവയുടെ വാസം മരങ്ങളിലാണ്.
വംശനാശ ഭീഷണി നേരിടുന്ന ജീവി വര്ഗത്തിന്റെ ശ്രേണിക്കരികെയാണ് ഇവയുടെ സ്ഥാനം. മറ്റ് എലികളില് നിന്ന് ഏറെ സവിശേഷതകളുള്ള ചുണ്ടെലി വിഭാഗമാണിത്.
വിളക്കുമാടത്തെ വീട്ടുമുറ്റത്തോട് ചേര്ന്നുള്ള തൊടിയിലെ ചെറുമരങ്ങള്ക്കിടയില് കാണപ്പെട്ട മുള്ളെലി ആളനക്കം തിരിച്ചറിഞ്ഞ് പെട്ടെന്ന് മറഞ്ഞതായി ജോണിയുടെ മകന് ആഷിന് പറഞ്ഞു. നാളുകള്ക്ക് മുന്പ് വീടുകാര് സ്ഥാപിച്ച കെണിയില് തൂവെള്ള നിറത്തിലുള്ള എലി കുടങ്ങിയിരുന്നു. പിന്നീട് തുറന്നുവിട്ട വെള്ളെലി ഇപ്പോഴും പരിസരങ്ങളില് കാണാറുണ്ടെന്നും വീട്ടുകാര് പറഞ്ഞു.
ഇളം തവിട്ടുനിറത്തിലുള്ള കട്ടിയുള്ള രോമങ്ങളോടുകൂടിയ നീളമുള്ള വാലാണ് മുള്ളെലിയെ മറ്റിനങ്ങളില്നിന്ന് വേറിട്ട് നിര്ത്തുന്ന മുഖ്യ ആകര്ഷണം. രോമത്തിന് അടിവശം ഇളം മഞ്ഞ നിറമാണ്. വാലറ്റത്ത് ചുറ്റിലും വളര്ന്ന് ഉരുണ്ട രോമകൂടും
സവിശേഷതയാണ്. വലിയ കണ്ണുകളും നീളമേറിയ പിന്കാലുകളുമുള്ള ഇവ മര പൊത്തുകളിലാണ് വാസം. നിത്യഹരിതാവനങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നതെന്ന് പാലാ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗം അധ്യാപകന് പറഞ്ഞു.
2002ല് ഇവയെപറ്റി മൂന്ന് വര്ഷം നീണ്ട പഠനസര്വേ പശ്ചിമഘട്ട മേഖലകളില് നടത്തിയിരുന്നു. തണുപ്പ് നിറഞ്ഞ വനമേഖലകളിലാണ് ഇവയെ കൂടുതലും കണ്ടെത്തിയത്. പിന്നീട് ഏറെ കാണപ്പെടാറില്ലാത്ത ഇവയെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയ്ക്ക് സമീപത്തേയ്ക്ക് ഉയര്ത്തിയിരുന്നു.