മംഗളൂരു
യെദ്യൂരപ്പ വിരുദ്ധരെ വെട്ടിനിരത്തി 29 മന്ത്രിമാരെ ഉൾപ്പെടുത്തി കർണാടകത്തിൽ ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഇത്തവണ ഉപമുഖ്യമന്ത്രിമാരില്ല. ആറു പുതുമുഖങ്ങൾ. കൂറുമാറി വന്നവർക്കും മന്ത്രിസഭയിൽ ഇടംനൽകി. ബുധനാഴ്ച പകൽ രണ്ടോടെയായിരുന്നു സത്യപ്രതിജ്ഞ. പതിനൊന്നിനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. മന്ത്രി പ്രഭു ചൗഹാൻ ഗോമാതാവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
മുൻമുഖ്യമന്ത്രി യെദ്യൂരപ്പയുടെ കസേര തെറിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബസനഗൗഡ പാട്ടീൽ യത്നാൽ, സി പി യോഗീഷ്, അരവിന്ദ് ബെല്ലാഡ് തുടങ്ങിയവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. എന്നാൽ, മകൻ വിജയേന്ദ്രയെ മന്ത്രിസഭയിൽ എത്തിക്കാനുള്ള യെദ്യൂരപ്പയുടെ ശ്രമം പരാജയപ്പെട്ടു. അതേസമയം, കോൺഗ്രസ്, ജെഡിഎസ് പാർടികളിൽനിന്ന് മറുകണ്ടം ചാടിയ 10 പേരെ മന്ത്രിമാരാക്കുന്നതിൽ യെദ്യൂരപ്പ വിജയിച്ചു.
ലിംഗായത്ത് സമുദായത്തിൽനിന്ന് എട്ടും വൊക്കലിംഗ, ഒബിസി വിഭാഗങ്ങളിൽനിന്ന് ഏഴുപേർ വീതവും മന്ത്രിസഭയിലുണ്ട്. ഒരു വനിത, പട്ടികജാതി വിഭാഗത്തിൽനിന്ന് മൂന്നും പട്ടികവർഗ വിഭാഗത്തിൽനിന്ന് ഒരാളും മറ്റുവിഭാഗത്തിലുള്ള രണ്ടുപേരുമുണ്ട്. 33 പേരെ ഉൾപ്പെടുത്താമെങ്കിലും വിമത ശബ്ദമുയർന്നാൽ ഒതുക്കാൻ നാല് മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. കൂറുമാറി എത്തിയിട്ടും മന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് ആർ ശങ്കർ, നാഗേഷ്, സീമന്ത് പാട്ടീൽ തുടങ്ങിയവർ പരസ്യമായി രംഗത്തെത്തി. മുതിർന്ന നേതാക്കളായ അരവിന്ദ് ലിംബാവലി, സുരേഷ്കുമാർ, ലക്ഷമൺ സവദി എന്നിവരും മന്ത്രിസഭയിലില്ല.