തിരുവനന്തപുരം
ടി പി ചന്ദ്രശേഖരൻ കേസിലെ പ്രതികളിൽനിന്ന് ജയിലിൽ ഫോണും സിംകാർഡും പിടികൂടിയത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികളെ കണ്ണൂരിൽനിന്ന് വിയ്യൂരിലേക്ക് മാറ്റിയശേഷം 2014 ജൂൺ നാലിന് സെല്ലുകളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വിയ്യൂർ പൊലീസ് കേസെടുത്തിട്ടുമുണ്ട്. അതിന്റെ ഉത്തരവാദിത്തം യുഡിഎഫിനാണ്. വീണ്ടും കണ്ടെത്തിയപ്പോൾ പ്രതികളെ ആ ജയിലിൽനിന്ന് മാറ്റി.
ഏത് ഭരണകാലത്തായാലും തടവുകാർ നിയമംവിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. അത് തടയാനുള്ള ശ്രമങ്ങളാണ് സർക്കാരിൽനിന്നുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി പി കേസിലെ പ്രതികൾ ആവർത്തിച്ച് കുറ്റം ചെയ്യുന്നുവെന്ന് ചില വാർത്തകളുണ്ട്. തെളിവ് ലഭിച്ചിട്ടില്ല. എങ്കിലും നിജസ്ഥിതി പരിശോധിക്കും. യുഡിഎഫ് അംഗം മലർന്ന് കിടന്ന് തുപ്പുകയാണ്. പൊലീസിനെ പറയുന്നതിൽ ഒരു അലോസരവുമില്ല.
സമൂഹത്തിന് അപമാനകരമായ സ്ത്രീധനവും അത്തരം സംഭവങ്ങൾക്കുമെതിരെ ബോധവൽക്കരിക്കാനാണ് ഗവർണർ ഉപവസിച്ചത്. സ്ത്രീധന വിവാഹങ്ങളിൽ പങ്കെടുക്കരുതെന്ന് ഗവർണർ എല്ലാ ജനപ്രതിനിധികൾക്കും കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.















