ന്യൂഡൽഹി
കേരളത്തിൽ വലിയൊരു വിഭാഗം ഇനിയും കോവിഡ് ബാധിക്കാത്തവരാണെന്ന് കേന്ദ്ര സംഘത്തിന്റെ കരട് റിപ്പോർട്ട്. കേരളത്തിൽ 44 ശതമാനം പേർ മാത്രമാണ് ഇതുവരെ രോഗബാധിതരായതെന്ന സിറൊ സർവേ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് കണ്ടെത്തൽ.
കോവിഡ് ക്ലസ്റ്ററുകളോ വലിയതോതിൽ രോഗവ്യാപനത്തിന് ഇടയാക്കിയ ചടങ്ങുകളോ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാതല ദ്രുതപ്രതികരണസംഘം പരിശോധിക്കണ മെന്ന് കേരളം സന്ദർശിച്ച കേന്ദ്ര സംഘം നിർദേശിച്ചു. പരിശോധന കൂട്ടി ഫലം അറിയിക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. രണ്ടാഴ്ചയിൽ മേഖലകൾ തരംതിരിക്കണം. വീടുകളിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കുന്നതിൽ വീഴ്ചയുണ്ട്. അടച്ചിടലിനുള്ള കേന്ദ്ര നിർദേശങ്ങൾ വേണ്ടവിധം പാലിക്കുന്നില്ല. കേരളത്തിലെ രോഗികളിൽ 90 ശതമാനവും വീടുകളിലാണ്; പലരും മാർഗനിർദേശങ്ങൾ പാലിക്കുന്നില്ല. ഇവരെ ആശുപത്രികളിലാക്കുന്നത് പരിഗണിക്കണം. 80 ശതമാനമുള്ള ആന്റിജൻ പരിശോധനയ്ക്കു പകരം ആർടിപിസിആർ കൂട്ടണം–- കേന്ദ്രസംഘം നിർദേശിച്ചു.
റിപ്പോർട്ട് സമർപ്പിച്ചതായും രോഗികൾ കൂടുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ പറഞ്ഞു. രോഗവ്യാപനം നിയന്ത്രിക്കാൻ നടപടിയും മുൻകരുതലും വിശദമാക്കി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകി–- മാണ്ഡവ്യ അറിയിച്ചു.