ന്യൂഡൽഹി
പാർലമെന്റ് നടപടികൾ തുടർച്ചയായി തടസ്സപ്പെടുന്നതിനു സർക്കാരാണ് ഉത്തരവാദിയെന്ന് പ്രതിപക്ഷപാർടികളിലെ 18 നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ് സർക്കാർ നടത്തുന്നത്. സർക്കാരിന്റെ അഹന്തയും പിടിവാശിയുമാണ് പ്രശ്നപരിഹാരത്തിനു തടസ്സം. രാജ്യസുരക്ഷയെ ബാധിക്കുന്ന പെഗാസസ് വിഷയത്തിൽ ഇരുസഭയിലും ചർച്ച നടത്തി ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കയാണ്.
കർഷകദ്രോഹപരമായ മൂന്ന് കാർഷികനിയമം പിൻവലിക്കണമെന്ന ആവശ്യത്തിലും ചർച്ച നടക്കണം. പാർലമെന്ററി ജനാധിപത്യത്തെ മാനിച്ച് ചർച്ചയ്ക്ക് സാഹചര്യം സൃഷ്ടിക്കണം.
എളമരം കരീം, ബിനോയ് വിശ്വം, മല്ലികാർജുൻ ഖാർഗെ, ആനന്ദ് ശർമ, ശരദ് പവാർ, ടി ആർ ബാലു, തിരുച്ചി ശിവ, രാംഗോപാൽ യാദവ്, ഡെറക് ഒബ്രയൻ, കല്യാൺ ബാനർജി, സഞ്ജയ് റാവത്ത്, വിനായക് റാവത്ത്, മനോജ് ഝാ, സുശീൽ ഗുപ്ത, ശ്രേയാംസ്കുമാർ, ഹസനൈൻ മസൂദി, ഇ ടി മുഹമ്മദ് ബഷീർ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.