ന്യൂഡൽഹി
‘എന്റെ മകളെ കൊന്നുകത്തിച്ചവരുടെ കഴുത്തിൽ കയർ മുറുക്കണം’–- ഡൽഹി കന്റോൺമെന്റ് നങ്കലിൽ കത്തിക്കാളുന്ന വെയിലിലും റോഡരികിലിരുന്ന് ഒരമ്മ വിലപിക്കുന്നു. തൊട്ടടുത്തുള്ള ശ്മശാനത്തിലാണ് ഒമ്പത് വയസ്സുകാരിയെ ഞായറാഴ്ച രാത്രി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്മശാനത്തിലെ പൂജാരിയും സഹായികളും പീഡിപ്പിച്ച് കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം ദഹിപ്പിക്കാൻ ശ്രമിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.
‘ദാഹിച്ചപ്പോൾ ശ്മശാനത്തിലെ കൂളറിൽനിന്ന് വെള്ളമെടുക്കാൻ പോയതാണ് എന്റെ മകൾ. കുറേ നേരം കഴിഞ്ഞപ്പോൾ പൂജാരിയും കൂട്ടരുംവന്ന് കുട്ടി ഷോക്കേറ്റ് മരിച്ചെന്ന് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ കൈയുടെ വശങ്ങൾ പൊള്ളിയിട്ടുണ്ട്. ചുണ്ടും നാവും നീലിച്ചിട്ടുണ്ട്. ഷോക്കേറ്റാണ് മരിച്ചതെങ്കിൽ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകണമെന്ന് പറഞ്ഞു. അവിടെ പോസ്റ്റ്മോർട്ടം നടത്തി അവയവങ്ങൾ എല്ലാം എടുത്ത് വിൽക്കുമെന്ന് അവർ പറഞ്ഞു.
പിന്നെയും ബഹളമുണ്ടാക്കിയപ്പോൾ അവർ ശ്മശാനത്തിന്റെ ഗെയ്റ്റ് പൂട്ടിയിട്ട് മൃതദേഹം ദഹിപ്പിക്കാൻ നോക്കി. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ചിതയിൽ വെള്ളമൊഴിച്ച് കെടുത്തി’–- കാണാനെത്തിയ ബൃന്ദ കാരാട്ട് ഉൾപ്പടെയുള്ള രാഷ്ട്രീയനേതാക്കളോട് അമ്മ പറഞ്ഞു. രാഹുൽഗാന്ധി എംപി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരും കുടുംബത്തെ സന്ദർശിച്ചു.
പൊലീസിന്റെ പങ്ക് അന്വേഷിക്കണം: ബൃന്ദ കാരാട്ട്
ദളിത് പെൺകുട്ടി കൊല്ലപ്പെട്ടതിൽ പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസ് സ്വീകരിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ഞായറാഴ്ച രാത്രിതന്നെ പ്രതികളെ പിടികൂടുന്നതിന് പകരം പെൺകുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു.
രാത്രി മുഴുവൻ സ്റ്റേഷനിലിരുത്തി ഭീഷണിപ്പെടുത്തി. തലസ്ഥാനത്തെ സൈനികമേഖലയിൽനടന്ന നിഷ്ഠുര കുറ്റകൃത്യം മറച്ചുവയ്ക്കാനാണ് പൊലീസ് ശ്രമിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിന് മറുപടി പറയണമെന്നും ബൃന്ദ ആവശ്യപ്പെട്ടു.ഡൽഹിയിലെ സിപിഐ എം നേതാക്കളായ നത്തുപ്രസാദ്, ആശ ശർമ, സോണിയ സിങ് തുടങ്ങിയവരും ബൃന്ദയ്ക്ക് ഒപ്പമുണ്ടായിരുന്നു.