ന്യൂഡൽഹി
രാജ്യത്തെ പരമോന്നത നീതിപീഠത്തെയും ഇസ്രായേൽ ചാരസോഫ്റ്റ്വെയറായ പെഗാസസ് വഴി നിരീക്ഷിച്ചതായി വെളിപ്പെടുത്തൽ. സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്രയുടെ നമ്പരും കോടതി രജിസ്ട്രിയിലെ ‘റിട്ട് കേസുകൾ’ (മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ടവ) കൈകാര്യം ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഫോണുകളും പെഗാസസ് പട്ടികയിൽ ഉൾപ്പെട്ടതായി ‘ദ വയർ’ റിപ്പോർട്ടുചെയ്തു. അറ്റോർണി ജനറലായിരുന്ന മുകുൾ റോത്തഗിയുടെ ജൂനിയർ അഭിഭാഷകൻ, സോണിയ ഗാന്ധി ആരോപണ വിധേയയായ അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷലിന്റെ അഭിഭാഷകൻ മലയാളി അൽജോ പി ജോസഫ് എന്നിവരുടെ നമ്പരുകളും പട്ടികയിലുണ്ട്. അൽജോയുടെ ഐഫോൺ പെഗാസസ് ലക്ഷ്യംവച്ചതായി ആംനെസ്റ്റി ഇന്റർനാഷണൽ ലാബിലെ പരിശോധനയിൽ തെളിഞ്ഞു. മറ്റുഫോണുകളിൽ ഫോറൻസിക് പരിശോധന നടത്തിയിട്ടില്ല. പെഗാസസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ.
പല സുപ്രധാന കേസുകളിലും മോഡി സർക്കാരിന് അനുകൂല നിലപാടെടുത്ത അരുൺ മിശ്രയുടെ പേരിൽ 2010 മുതൽ 2018വരെ രജിസ്റ്റർ ചെയ്തിരുന്ന ബിഎസ്എൻഎൽ നമ്പരാണ് ചോർത്തൽ പട്ടികയിലുള്ളത്. അരുൺ മിശ്ര ജഡ്ജിയായിരുന്ന 2019ലാണ് ഇത് നിരീക്ഷണത്തിലായത്. 2014 മുതൽ ഈ നമ്പർ ഉപയോഗിക്കുന്നില്ലെന്ന് മിശ്ര അവകാശപ്പെട്ടു.
കേസുകൾ കോടതിയിൽ എപ്പോഴെത്തണം എന്നതടക്കം സുപ്രീംകോടതിയുടെ പ്രവർത്തനത്തിൽ സുപ്രധാന പങ്കാണ് രജിസ്ട്രിയ്ക്കുള്ളത്. കേന്ദ്ര സർക്കാരിന് നിർണായകമായ രജിസ്ട്രിയിലെ എൻ കെ ഗാന്ധി, ടി ഐ രാജ്പുത് എന്നിവരുടെ ഫോണുകളാണ് 2019 പകുതിയോടെ പട്ടികയിൽവന്നത്. അനിൽ അംബാനിക്കെതിരായ കോടതിയലക്ഷ്യ കേസിൽ ഉത്തരവ് തിരുത്തിയതിന് 2019ൽ രണ്ട് ജീവനക്കാരെ പുറത്താക്കിയിരുന്നു. എങ്കിലും കുറ്റം തെളിയിക്കാനാകാതെ 2021ൽ ഇവരെ തിരിച്ചെടുത്തു. ഡൽഹി പൊലീസ് ഇവരുടെ വാട്സാപ് സന്ദേശങ്ങൾ കൈമാറാത്തതിനാൽ അന്വേഷണം അപൂർണമായിരുന്നുവെന്ന് തിരുത്തൽ സംഭവം അന്വേഷിച്ച മുൻ സുപ്രീംകോടതി ജഡ്ജി എ കെ പട്നായിക് പറഞ്ഞു.
മലയാളി അഭിഭാഷകൻ അൽജോയുടെ നമ്പരും ക്രിസ്ത്യൻ മിഷലിന്റെ വക്കാലത്ത് എടുത്തതിന് പിന്നാലെ 2019ലാണ് പട്ടികയിൽ ഉൾപ്പെട്ടത്. മിഷലിന്റെ മൊഴി ഉപയോഗപ്പെടുത്തി സോണിയ അടക്കമുള്ളവരെ കേസിൽ കുടുക്കാൻ മോഡി സർക്കാർ താൽപ്പര്യപ്പെട്ടിരുന്നു. നീരവ് മോഡിയുടെ അഭിഭാഷകൻ വിജയ് അഗർവാളിന്റെയും ഭാര്യയുടെയും നമ്പരുകളും പട്ടികയിലുണ്ട്. കോടികളുടെ വായ്പാതട്ടിപ്പ് നടത്തി 2018 ആദ്യമാണ് മോഡി രാജ്യം വിട്ടത്. തൊട്ടടുത്ത മാസം ദാവോസിൽ പ്രധാനമന്ത്രിക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടു. ഇത് സർക്കാരിന് വലിയ നാണക്കേടായി.