ടോക്യോ
പൊന്നണിഞ്ഞില്ലെങ്കിലും ടോക്യോയിൽ ഇന്ത്യക്ക് സന്തോഷത്തിന്റെ ദിനം. ഗുസ്തിയിൽ രവികുമാർ ദഹിയ ഇന്ത്യക്ക് വെള്ളിമെഡൽ സമ്മാനിച്ചു. പുരുഷ ഹോക്കിയിൽ 41 വർഷത്തിനുശേഷം മെഡൽ തൊട്ടു. പി ആർ ശ്രീജേഷും സംഘവും ജർമനിയെ 5–4ന് തകർത്ത് വെങ്കലം നേടി. കളിയിൽ 1–3ന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്.
ഗുസ്തിയിലെ മറ്റ് മെഡൽപ്രതീക്ഷകളായ അൻഷു മാലിക്, ദീപക് പൂണിയ, വിനേഷ് ഫോഗട്ട് എന്നിവർ മെഡൽ നേടാതെ മടങ്ങി.ഗുസ്തി 57 കിലോ ഫ്രീസ്റ്റെെൽ വിഭാഗം ഫെെനലിൽ റഷ്യൻ ഒളിമ്പിക് സമിതിയുടെ സൗർ ഉഗുയേവാണ് രവികുമാറിനെ തോൽപ്പിച്ചത്. 7–4നായിരുന്നു റഷ്യൻ താരത്തിന്റെ ജയം. സുശീൽകുമാറിനുശേഷം ഒളിമ്പിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമാണ് രവികുമാർ. ടോക്യോയിൽ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിമെഡൽ. ഇതോടെ രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി ഇന്ത്യക്ക്. ഹോക്കിയിൽ 1980ലെ മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയശേഷം ഇന്ത്യയുടെ ആദ്യമെഡലാണ് ടോക്യോയിലേത്. ജർമനിക്കെതിരെ മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ തകർപ്പൻ പ്രകടനം ഇന്ത്യക്ക് ഗുണമായി.
വനിതകൾ വെങ്കലത്തിനായി വെള്ളിയാഴ്ച രാവിലെ ഏഴിന് ബ്രിട്ടനെ നേരിടും. പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തി. മലയാളിയായ കെ ടി ഇർഫാൻ 51–-ാം സ്ഥാനത്തായി. സന്ദീപ്കുമാർ 23–ാ-മതും രാഹുൽ രോഹില 47–-ാംസ്ഥാനത്തുമായി. മൂന്നുദിവസം ശേഷിക്കെ 34 സ്വർണം ഉൾപ്പെടെ 74 മെഡലുകളുമായി ചെെനയാണ് ഒന്നാമത്. ഇന്ത്യ 65–ാംസ്ഥാനത്താണ്.